മറീനയില്‍ തീപിടുത്തം: ആഴ്ച പിന്നിട്ടിട്ടും താമസക്കാര്‍ ദുരിതത്തില്‍

Posted on: July 30, 2016 3:02 pm | Last updated: August 2, 2016 at 10:32 pm
SHARE

mariദുബൈ: നൂറു കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് മറീന മേഖലയില്‍ 20ന് ഉണ്ടായ തീപിടുത്തത്തില്‍ ദുരിതത്തിലായവര്‍ക്ക് ഇനിയും തങ്ങളുടെ ഫഌറ്റുകളിലേക്ക് മടങ്ങാനായില്ല. നിരാലംബരായ 35 കുടുംബങ്ങളില്‍ പലരും ഇന്നും താമസിക്കാന്‍ സ്ഥിരമായൊരിടം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
മറീനയിലെ സുലാഫ ടവറിനെയാണ് അഗ്നി പുണര്‍ന്നത്. 288 മീറ്റര്‍ ഉയരമുള്ള സുലാഫയില്‍ 712 അപാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. ആഡംബര സൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവിതം നയിച്ചിരുന്ന ഇവിടുത്തെ താമസക്കാരില്‍ 35 കുടുംബങ്ങളാണ് തീപിടുത്തത്തെ തുടര്‍ന്ന് തങ്ങളുടെ താമസസ്ഥലത്തു നിന്ന് ഒഴിയേണ്ടിവന്നത്. ഇതില്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ച 17 ഫഌറ്റുകളിലെ താമസക്കാരാണ് ദുരിതം അവസാനിക്കാത്തതില്‍ ഉല്‍കണ്ഠാകുലരായി കഴിയുന്നത്. 17 ഫാള്റ്റുകളെയാണ് തീപിടുത്തം ബാധിച്ചതെന്നും അപകടത്തില്‍ ഗര്‍ഭിണി ഉള്‍പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നൂവെന്നും ദുബൈ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കെട്ടിടത്തിലെ നാശം സംഭവിക്കാത്ത ഫഌറ്റുകളിലേക്ക് അന്തേവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചെത്തി താമസം പുനരാരംഭിച്ചിരുന്നു. എന്നാല്‍ തീപിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ച മിക്കവയിലും ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ലെന്നതാണ് തിരിച്ചുപോക്ക് അനന്തമായി നീളാന്‍ ഇടയാക്കിയിരിക്കുന്നത്. താമസം പുനരാരംഭിക്കാന്‍ സാധിക്കാത്തവരില്‍ മിക്കവരും കഴിയുന്നത് കെട്ടിടത്തിന് സമീപത്തെ ഹോട്ടല്‍ മുറികളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമാണ്. കെട്ടിട ഉടമകളാണ് ഇതിനുളള സൗകര്യം ഒരുക്കിയത്.
അതേ സമയം ഇതുവരെയും നടന്ന അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിന് മുകളില്‍ മാനേജ്‌മെന്റ് പതിച്ച നോട്ടീസില്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും അത് പൂര്‍ത്തീകരിച്ചാലെ അവശേഷിക്കുന്നവര്‍ക്ക് മടങ്ങാനാവൂവെന്നും കുറിച്ചിട്ടുണ്ട്. കെട്ടിടത്തെ മുമ്പത്തെ അവസ്ഥയിലേക്ക് എത്രയും പെട്ടെന്ന് മടക്കികൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇന്‍ഷൂറന്‍സുമായും രാജ്യത്തെ നിയമങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചാലെ ഇത് സാധ്യമാവൂവെന്നും നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.
725 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെ നിര്‍മിച്ച അത്യാധുനിക കെട്ടിടത്തിന്റെ 35ാം നിലയിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതിനോട് ചേര്‍ന്ന ടോര്‍ച്ച് ടവറിനും തീപിടിച്ചിരുന്നു. ബുധനാഴ്ച ഉച്ച 2.30ക്ക് ശേഷമാണ് സുലാഫ ടവറില്‍ തീപടര്‍ന്നത്. ഇതേ തുടര്‍ന്ന് സമീപത്തെ മീഡിയാ വണ്‍ ഹോട്ടല്‍, സിയാഹി ബീച്ച് റിസോര്‍ട്ട് ആന്റ് മറീന എന്നിവ താമസക്കാരെ താല്‍ക്കാലികമായി രാത്രി തങ്ങാന്‍ അനുവദിച്ചിരുന്നു. അഗ്നിബാധയില്‍ ദുരിതത്തിലായ 100 മുതല്‍ 130 വരെ ആളുകള്‍ക്ക് ഭക്ഷണവും പാനീയങ്ങളും ഉള്‍പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
75 നിലകളുള്ള താമസക്കെട്ടിടം വെസ്റ്റ്ഇന്‍, ഓഷിയാന ടവേഴ്‌സ് എന്നിവക്ക് എതിര്‍വശത്തായാണ് സ്ഥിതിചെയ്യുന്നത്. ശക്തമായ കാറ്റാണ് കെട്ടിടത്തിന് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കാന്‍ ഇടായക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഒരു ഡസനോളം ഫയര്‍ എഞ്ചിനുകളും 50 ഓളം അഗ്നിശമന സേനാംഗങ്ങളുമായിരുന്നു തീഅണയ്ക്കുന്ന പ്രക്രിയക്ക് നേതത്വം നല്‍കിയത്.
അടുത്ത പടിയെന്തെന്നറിയാനായി കാത്തിരിക്കുകയാണെന്ന് കെട്ടിടത്തില്‍ മൂന്നു ഫഌറ്റുകള്‍ സ്വന്തമായുള്ള അറബ് വംശജനായ ഇസ്‌ലാം വ്യക്തമാക്കി. തന്റെ മൂന്നു ഫഌറ്റുകള്‍ക്കും നാശനഷ്ടം സംഭവിച്ചെന്നും അവയില്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ ഫഌറ്റിനും നാശനഷ്ടം സംഭവിച്ചതായി മറ്റൊരു അറബ് വംശജന്‍ വ്യക്തമാക്കി. ഫഌറ്റില്‍ ചോര്‍ച്ച കാരണം വെള്ളം നിറഞ്ഞ അവസ്ഥയിലാണുള്ളത്. താന്‍ ഇപ്പോള്‍ തൊട്ടുടത്ത മറ്റൊരു കെട്ടിടത്തിലാണ് കഴിയുന്നതെന്നും എല്ലാം എപ്പോഴേക്ക് ശരിയാവുമെന്ന് അറിയാത്ത സ്ഥിതിയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.