കെട്ടിടത്തില്‍ ബോംബെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി

Posted on: July 30, 2016 2:36 pm | Last updated: July 30, 2016 at 2:36 pm
SHARE

AR-160729265ഷാര്‍ജ: കിംഗ് അബ്ദുല്‍ അസീസ് റോഡിലെ കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വാര്‍ത്ത താമസക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ ഷാര്‍ജ പോലീസ് താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. മശ്‌രിഖ് ബേങ്ക് സ്ഥിതിചെയ്യുന്ന ഇംറാന്‍ ടവറിനായിരുന്നു ബോംബ് ഭീഷണി. ഇവിടുത്തെ ഓഫീസുകളിലെ ജീവനക്കാരെയും യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചവരില്‍ ഉള്‍പെട്ടിരുന്നു.
രാത്രി 10ന് അജ്ഞാതന്‍ കെട്ടിടത്തിന്റെ പ്രവേശന ഭാഗത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പോലീസ് പട്രോള്‍ വിഭാഗം, സ്‌ഫോടക വസ്തു വിദഗ്ധര്‍, രഹസ്യാന്വേഷണ വിഭാഗം, ആംബുലന്‍സ് വിംഗ്, സിവില്‍ ഡിഫന്‍സ്, അഗ്നിശമനസേനാംഗങ്ങള്‍ തുടങ്ങിയവരെല്ലാം കെട്ടിടത്തില്‍ എത്തുകയും സമഗ്രമായ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് ബോംബ് ഭീഷണി വ്യാജമായിരുന്നെന്ന് ബോധ്യമായത്.
സമീപത്തെ കെട്ടിടത്തിലെ താമസക്കാരെയും ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ ചുറ്റുമുള്ള റോഡിലെ ഗതാഗതവും നിരോധിച്ച ശേഷമായിരുന്നു ദീര്‍ഘനേരം നീണ്ടുനിന്ന സമഗ്രമായ പരിശോധന അരങ്ങേറിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരക്കേ പോലീസ് വണ്ടിയുടെ സൈറണ്‍ കേള്‍ക്കുയായിരുന്നൂവെന്ന് കെട്ടിടത്തിലെ താമസക്കാരനായ ജാക്ക് ലുമീര്‍ പറഞ്ഞു. ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് നിരവധി പോലീസ് വാഹനങ്ങളും ആംബുലന്‍സും ഫയര്‍ എഞ്ചിനുകളുമെല്ലാം നിരന്നിരിക്കുന്നത് കണ്ടത്. അപ്പോഴേക്കും ഉദ്യോഗസ്ഥര്‍ എത്തി ഞങ്ങളുടേത് ഉള്‍പെടെ കെട്ടിടത്തിലെ മുഴുവന്‍ ആളുകളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നൂവെന്നും ഇദ്ദേഹം വിശദീകരിച്ചു.