Connect with us

Malappuram

ശ്മശാനത്തിലേക്കെത്താന്‍ വഴിയില്ല; കോളനി നിവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

കാല്‍ നട പോലും ദുസ്സഹമായ വഴിയിലൂടെ ചോഴിയംകുന്ന് പുലയ ശ്മശാനത്തിലേക്ക് മൃതദേഹവുമായി പോകുന്ന നാട്ടുകാര്‍

മഞ്ചേരി: മഞ്ചേരി നഗരസഭയിലെ കക്കാട്ടുകുന്ന്, കോലാര്‍കുണ്ട്, പാലക്കാപറമ്പ്, ചോഴിയംകുന്ന് മേഖലകളിലെ കോളനി നിവാസികള്‍ക്ക് ശ്മശാനമുണ്ടെങ്കിലും ഇതിലേക്ക് എത്താന്‍ വഴിയില്ലാത്തതാണ് പ്രശ്‌നം. ഈ പ്രശ്‌നം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ചോഴിയംകുന്ന് പുലയ ശ്മശാനത്തിലേക്കുള്ള വഴി ഇപ്പോള്‍ കഷ്ടിച്ച് മൂന്നടി മാത്രമാണുള്ളത്. കുത്തനെയുള്ള ഈ വഴിയിലൂടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ഏറെ ശ്രമകരമാണ്. വഴിയുടെ ഇരുവശത്തും താമസിക്കുന്നവര്‍ മണ്ണ് നീക്കം ചെയ്തതോടെ കുത്തനെയുള്ള വഴി വീതി കുറയുകയായിരുന്നു. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നെങ്കിലും ഒരു നടപടിയും ഉണ്ടാകാത്ത സഹാചര്യത്തിലാണ് നാട്ടുകാര്‍ ചോഴിയംകുന്ന് പുലയ ശ്മശാന സംരക്ഷണ സമിതി രൂപത്കരിച്ചത്. 2013 മെയ് 24ന് വരിയാലിലെ പരേതനായ ചെറുകാട്ട് നാടിയുടെ മകന്‍ വേണുഗോപാല്‍ (42)ന്റെ മൃതദേഹവുമായെത്തിയ ബന്ധുക്കളും നാട്ടുകാരും ശ്മശാനത്തിലേക്ക് പ്രവേശിക്കാനാകാതെ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. മണിക്കൂറുകളോളം മഞ്ചേരി- പൂക്കോട്ടൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് എ ഡി എം ആയിരുന്ന പുതുക്കുടി മുരളീധരന്‍, ലാന്റ് റവന്യൂ തഹസീല്‍ദാറായിരുന്ന ജോസഫ്, റവന്യൂ ഉദ്യോഗസ്ഥരായ ജയശങ്കര്‍, കെ എന്‍ യൂസുഫലി, മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന വല്ലാഞ്ചിറ മുഹമ്മദലി, സ്ഥിരസമിതി അദ്ധ്യക്ഷന്‍മാരായിരുന്ന കണ്ണിയന്‍ അബുബക്കര്‍, എ പി മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായിരുന്ന ടി എം നാസര്‍, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ റോഡ് ആറ് മാസത്തിനകം സഞ്ചാര യോഗ്യമാക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. നിലവിലുള്ള റോഡിന് ഇരുവശവുമുള്ള താമസക്കാര്‍ 1.16 സെന്റ് വീതം വിട്ടു നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഇതില്‍ ഒരാള്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായിട്ടുണ്ട്. മറുവശത്തുള്ളയാള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വയോധികയുടെ ഒരു ദിവസം പഴക്കമുള്ള മൃതദേഹവുമായായിരുന്നു ഇന്നലെ സമരം. സമരം നഗരമദ്ധ്യത്തിലേക്ക് മാറിയതോടെ വിവിധ രാഷ്ട്രീയ നേതാക്കളും സജീവമായി. വീണ്ടും ചര്‍ച്ച – നിര്‍ദ്ദേശം – തീരൂമാനം – തനിയാവര്‍ത്തനം.

 

---- facebook comment plugin here -----

Latest