മൈലാടി പ്ലാന്റ് ഇനി പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രം

Posted on: July 30, 2016 5:39 am | Last updated: July 30, 2016 at 9:40 am
SHARE

കോട്ടക്കല്‍: നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ പദ്ധതി വരുന്നു. മൈലാടിയില്‍ മാലിന്യം സംസ്‌കരിക്കുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. മൈലാടി പ്രശ്‌നം തലവേദനയായി തീര്‍ന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം നടത്താന്‍ നഗരസഭ ഒരുങ്ങുന്നത്. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ക്കറ്റില്‍ തന്നെ സംവിധാനം ഒരുക്കുകയാണ് നഗരസഭ. ജൈവ മാലിന്യങ്ങള്‍ ഇനിമുതല്‍ മൈലാടിയില്‍ തള്ളില്ല. പകരം മൈലാടിയിലെ പ്ലാന്റ് പ്ലാസ്റ്റിക്ക് വസ്തുക്കളുടെ സംഭരണ കേന്ദ്രമാക്കി മാറ്റും. ടൗണിലെ മാലിന്യങ്ങള്‍ എടുക്കുന്നതിനും മറ്റും സന്നദ്ധ സംഘടന തയ്യാറായിട്ടുണ്ട്. ഇതിനായി മാലിന്യങ്ങള്‍ വേര്‍ത്തിരിച്ച് സംഭരിക്കും. അജൈവ വസ്തുക്കളാണ് എടുക്കുക. മാലിന്യങ്ങള്‍ എടുക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടാക്കും. ആലുവ മോഡല്‍ പദ്ധതിയാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനമാണ് ഇതിനായി മാര്‍ക്കറ്റില്‍ ഒരുക്കുക. ദിനം പ്രതി ശേഖരിക്കുന്ന അജൈവ വസതുക്കള്‍ മൈലാടിയില്‍ ശേഖരിച്ച് വെച്ച് ദിവസങ്ങള്‍ക്കകം കയറ്റിപ്പോകുന്നതാണ് പദ്ധതി. ഇന്നലെ നഗരസഭയില്‍ ചേര്‍ന്ന വിവിധ പാര്‍ട്ടി നേതാക്കളുടെയും സന്നദ്ധ സംഘടന, വ്യാപാരി പ്രതിനിധികളുടെയും യോഗത്തില്‍ ഇത് സംമ്പന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. അതെ സമയം മൈലാടിയിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതികള്‍ തുടങ്ങാനെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതിനായി തുടര്‍ നടപടികള്‍ ഉടനെ ആരംഭിക്കും. നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ കെ നാസര്‍, സെക്രട്ടറി കെ കെ മനോജ്, എച്ച് ഐ മൂസകുട്ടി, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ അലവി തൈക്കാട്ട് അധ്യക്ഷത വഹിച്ചു.