Connect with us

Malappuram

ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച സ്വഫ്‌വാന് ജന്മനാടിന്റെ ആദരം

Published

|

Last Updated

കൂട്ടായി പൗരാവലി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സ്വഫ്‌വാന് തിരൂര്‍ എസ് ഐ രജ്ഞിത്ത് ഉപഹാര
സമര്‍പ്പണം നടത്തുന്നു

തിരൂര്‍: കൂട്ടായി പടിഞ്ഞാറെക്കര അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളെ ജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ കൂട്ടായി പള്ളിവളപ്പ് സ്വദേശി പള്ളിവളപ്പില്‍ സൈതലവിയുടെ മകന്‍ സ്വഫ്‌വാനെ ജന്മനാട് ആദരിച്ചു. കൂട്ടായി പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ ജനസാന്നിധ്യത്തിലാണ് സ്വഫ്‌വാന് സ്വീകരണമൊരുക്കിയത്.
കടലില്‍ കുളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്വഫ്‌വാനും കൂട്ടുകാരും കണ്ടത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മരണ വെപ്രാളമായിരുന്നു. അഴിമുഖത്ത് ശക്തമായ അടിയൊഴുക്കുണ്ടായിരുന്നിട്ടും ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ സ്വഫ്‌വാന്‍ മുതിരുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് ജീവന്‍ രക്ഷിക്കുന്നതിനായി സ്വഫ്‌വാന്‍ കടലിലേക്ക് ചാടി. കലിന്റെ ഉള്‍വലി കാരണം ആദ്യം സ്വഫ്‌വാന് തിരിച്ച് കയറേണ്ടി വന്നു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറാകാതെ സ്വഫ്‌വാന്‍ വീണ്ടും കടലിലേക്ക് എടുത്തു ചാടുകയും ഒഴുക്കില്‍പ്പെട്ട ആഷിഖിനെ തോളിലേറ്റി കരയിലേക്ക് എത്തിക്കുകയുമായിരുന്നു. ഒഴുക്കില്‍പ്പെട്ട രണ്ടു പേരില്‍ ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞ സ്വഫ്‌വാന്‍ നാടിന്റെ അഭിമാനമായിരിക്കുകയാണ്. സ്വഫ്‌വാന്റെ ധീരതയെ അഭിനന്ദിക്കാനും ആദരിക്കാനും നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജന്മനാട് സംയുക്തമായി ആദരിച്ചത്.
തിരൂര്‍ എസ് ഐ രഞ്ജിത്, അസിസ്റ്റന്റ്് ഡയറക്ടര്‍ ഓഫ് മിനിസ്റ്ററി സയ്യിദ് റബീഹ് ഹാശ്മി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി നസറുല്ല, അംഗം സി പി ഷുക്കൂര്‍, മംഗലം പഞ്ചായത്തംഗം അല്‍ത്താഫ് ഹുസൈന്‍, കമര്‍ഷ, സലാം താണിക്കാട് സി പി, ഹബീബ് സി സംസാരിച്ചു.