Connect with us

Malappuram

ശ്മശാനത്തിലേക്ക് വഴിയില്ല; മൃതദേഹം നടുറോഡില്‍ കിടത്തി നാട്ടുകാരുടെ പ്രതിഷേധം

Published

|

Last Updated

ശ്മശാനത്തിലേക്ക് വഴി ആവശ്യപ്പെട്ട് ഇന്നലെ മഞ്ചേരി കച്ചേരിപ്പടി ജങ്ഷനില്‍ മൃതദേഹവുമായി നടത്തിയ ഉപരോധ സമരം

മഞ്ചേരി: ചോഴിയംകുന്ന് പുലയ ശ്മശാനത്തിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹവുമായി വീണ്ടും റോഡ് ഉപരോധിച്ചു. വരിയാലിലെ പരേതനായ കോലാര്‍ കുന്ന് കുഞ്ഞന്റെ ഭാര്യ നാടിച്ചി (65)യുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ശവമഞ്ചവുമായി മഞ്ചേരി കച്ചേരിപ്പടി ജംഗ്ഷനില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. വ്യാഴാഴ്ച പകല്‍ 12 മണിക്ക് മരണപ്പെട്ട നാടിച്ചി യുടെ മൃതദേഹവുമായി ഇന്നലെ രാവിലെ പത്തര മണിക്ക് കച്ചേരിപ്പടിയിലെത്തിയ സമരക്കാര്‍ മലപ്പുറം മഞ്ചേരി റോഡ് ഉപരോധിക്കുകയായിരുന്നു. സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സി ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ്, റവന്യൂ അധികൃതര്‍, മുനിസിപ്പല്‍ അധികൃതര്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി ടി ബാലന്‍ എന്നിവരെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ തയ്യാറായില്ല. കലക്ടറുടെ സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ചയില്‍ മാത്രമെ അനുരഞ്ജനമുള്ളൂ എന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഒടുവില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് സ്ഥലത്തെത്തി. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് പതിനഞ്ചംഗ അനൗദ്യോഗിക കമ്മറ്റി രൂപവല്‍ക്കരിച്ചു. ഇതേ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. അഡ്വ. എം ഉമ്മര്‍ എം എല്‍ എ ചെയര്‍മാനായ കമ്മറ്റിയില്‍ സബ് കളക്ടര്‍ ജാഫര്‍ മാലിക്ക്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, മുന്‍ ചെയര്‍മാന്മാരായ വല്ലാഞ്ചിറ മുഹമ്മദലി, അസൈന്‍ കാരാട്ട്, ഏറനാട് താലൂക്ക് തഹസീല്‍ദാര്‍ പി സുരേഷ്, മഞ്ചേരി വില്ലേജ് ഓഫീസര്‍ അബ്ദുല്‍ സലാം, വി എം ഷൗക്കത്തലി, പി വി മുരളീധരന്‍, കെ രാജന്‍, പി ജി ഉപേന്ദ്രന്‍, മുനിസിപ്പല്‍ സെക്രട്ടറി സിനി, അഡ്വ. എന്‍ ശ്രീപ്രകാശ്, പ്രൊഫ. പി. ഗൗരി, സിക്കന്തര്‍ ഹയാത്ത് എന്നിവര്‍ അംഗങ്ങളാണ്.
ചര്‍ച്ചയില്‍ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനും മൂന്നു മാസത്തിനകം റോഡ് നിര്‍മിക്കാനും തീരുമാനമായി. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണ്ണയിച്ച് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കും. അടുത്ത മാസം ആറിനകം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 35 ശതമാനം തുക മുനിസിപ്പാലിറ്റി മുന്‍കൂറായി നല്‍കണം. ഇതിനു മുമ്പും രണ്ടു തവണ നാട്ടുകാര്‍ ഇത്തരത്തില്‍ സമരം നടത്തിയിരുന്നു.