കുത്തഴിഞ്ഞ് ഉള്ളണം സേവാസമിതി വായനശാല

Posted on: July 30, 2016 9:32 am | Last updated: July 30, 2016 at 9:32 am
SHARE

പരപ്പനങ്ങാടി: സംസ്ഥാന ലൈബ്രറി കൗസിലിന്റെ ഗ്രാന്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തിലെ സേവാസമിതി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍. ഉള്ളണം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന 3377 നമ്പര്‍ രജിസ്‌ട്രേഷനിലുള്ള വായനശാല ആന്റ് ഗ്രന്ഥാലയം മാസങ്ങളായി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് വാടക നല്‍കിയിട്ടില്ല. ഇതിനാല്‍ ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസര്‍ വായനശാല ഭരണസമിതിയില്‍ നിന്ന് വാടക കുടിശ്ശിക എത്രയും വേഗം പിരിച്ചെടുത്ത് സ്ഥാപനത്തെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉള്ളണം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് യു സി ബാവക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിനു പുറമേ വായനശാല ഭരണസമിതി വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ കെ എസ് ഇ ബി വൈദ്യുതി ബന്ധവും വിഛേദിച്ചിട്ടുണ്ട്. ഇതിനാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സന്ധ്യാസമയത്തും രാത്രികാലങ്ങളിലും ഇരുട്ടിലാണ് വായനശാല. ഇതിനു പുറമേ വായനശാലയില്‍ നിലവില്‍ ഒരൊറ്റ ദിനപത്രമോ മാഗസിനുകളോ വരുത്തുന്നുമില്ല. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ അറിവോടെ വായനശാല ഭരണസമിതി നിയമിച്ച ലൈബ്രേറിയന്‍ വായനശാല തുറക്കാന്‍ വരുന്നതും അപൂര്‍വ്വമാണ്.
ഇത്തരമൊരു അവസ്ഥയിലായതിനാല്‍ പുസ്തകമെടുക്കാന്‍ ആരും തന്നെ വായനശാലയിലേക്ക് വരാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ അമൂല്യങ്ങളായ നിരവധി പുസ്തകങ്ങള്‍ ഈ വായനശാലയിലുണ്ടായിരുന്നു. എന്നാല്‍ നല്ല നിലയില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ് ഈ പൊതുസ്ഥാപനം. സേവാസമിതി വായനശാല നേരത്തെ തയ്യിലപ്പടി അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ആ സമയത്ത് കെട്ടിട വാടകയിനത്തില്‍ ഭീമമായ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെട്ടിട ഉടമ വായനശാലയെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറിയത്. എന്നാല്‍ ഇവിടെയും വായനശാല നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കാത്ത സാഹചര്യമാണ്. വായനശാലക്ക് അനുവദിച്ച ടെലിവിഷന്‍ നിലവില്‍ വായനശാല കെട്ടിടത്തിലില്ല. എവിടെയാണെതിലും വ്യക്തതയില്ല. മാത്രമല്ല വായനശാല പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വിവിധ കാലങ്ങളിലായി ഗ്രാന്റിനത്തില്‍ വാങ്ങിയ പുസ്തകങ്ങളില്‍ പകുതി പോലും ഇപ്പോഴില്ലെന്നും ആക്ഷേപമുയര്‍ിട്ടുണ്ട്. വായനശാലക്കായി തയ്യിലപ്പടി കുണ്ടന്‍കടവില്‍ വായനശാലയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച നടപടികളില്‍ സുതാര്യതയില്ലൊണ് മറ്റൊരു പരാതി. വായനശാലക്ക് കെട്ടിടം പണിയുന്ന ഭൂമി ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഏത് നിബന്ധനകള്‍ പ്രകാരമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും ഭരണസമിതി അംഗങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വായനശാലയുടെ പേരില്‍ സംഭാവന പിരിക്കുകയും കണക്കില്‍ കാണിക്കാതെ ക്രമക്കേട് നടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തയ്യിലപ്പടിയില്‍ ഏറെക്കാലം വായനശാല പ്രവര്‍ത്തിച്ച കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുനീക്കിയ സമയത്ത് ഒഴിഞ്ഞുകൊടുക്കുന്നതിനായി നല്ലൊരു തുക അത്തെ ഭരണസമിതി അംഗങ്ങള്‍ക്ക് കെട്ടിട ഉടമ നല്‍കിയിരുന്നതായും ആ തുക എവിടെയെന്നുമാണ് ഒരു വിഭാഗം നാട്ടുകാര്‍ ചോദിക്കുന്നത്. വായനശാലയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട’് ഒരു വിഭാഗം നാട്ടുകാര്‍ വായനശാല സംരക്ഷണ സമിതി രൂപവത്കരിച്ചിരിക്കുകയാണ്. ജില്ലാ ലൈബ്രറി കൗണ്‍സിലിനും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സിലിനും പരാതിയും നല്‍കിയിട്ടുണ്ട്.