Connect with us

Sports

ജിതു റായ് തിളങ്ങിയാല്‍ രണ്ട് മെഡലുകള്‍

Published

|

Last Updated

നേപ്പാളില്‍ ജനിച്ച ജിതു റായ് റിയോ ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ ഷൂട്ടിംഗ് പ്രതീക്ഷയാണ്. ജിതു ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ ഉറപ്പിക്കാം. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റളിലുമാണ് ജിതു മത്സരിക്കുന്നത്. 50 മീറ്റര്‍ പിസ്റ്റളില്‍ ലോകത്തെ രണ്ടാമത്തെ മികച്ച താരമാണ് ജിതു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക മൂന്നാം റാങ്കും.
റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ ഷൂട്ടിംഗ് താരം ജിതുവാണ്. സ്‌പെയ്‌നില്‍ നടന്ന അമ്പത്തൊന്നാമത് ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അമ്പത് മീറ്റര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടായിരുന്നു ഇത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ജിതു റായ് രണ്ട് തവണ ഐ എസ് എസ് എഫ് ലോകകപ്പ് മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാഷ്ട്രം അര്‍ജുന നല്‍കി ആദരിച്ചു ഈ യുവപ്രതിഭയെ.
ജിതുവിന്റെ കരിയറിലെ മികച്ച വര്‍ഷം 2014 ആയിരുന്നു. മ്യൂണിക്കില്‍ നടന്ന ലോക കപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍. അതിന് ശേഷം മാരിബോര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി ആളൊരു സംഭവമായി. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണവും അമ്പത് മീറ്റര്‍ പിസ്റ്റളില്‍ വെള്ളിയും ! ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഒരു ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അമ്പത് മീറ്റര്‍ പിസ്റ്റളില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം. യോഗ്യതാ റൗണ്ടില്‍ 562 പോയിന്റെടുത്തതും ഫൈനലില്‍ 194.1 പോയിന്റെടുത്തതും റെക്കോര്‍ഡ് ആയി. ഏഷ്യന്‍ ഗെയിംസില്‍ ജിതു അമ്പത് മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണവും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി വിസ്മയം സൃഷ്ടിച്ചു.
നേപ്പാളിലെ സന്‍ഹുവ സാബ ജില്ലയില്‍ സിതാല്‍പാടി ഗ്രാമത്തിലാണ് ജിതു റായ് ജനിച്ചതും വളര്‍ന്നതും. അഞ്ച് മക്കളില്‍ നാലാമനായിരുന്ന ജിതു 2006 ല്‍ പിതാവ് മരിച്ചതോടെയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ജിതു വൈകാതെ സൈന്യത്തില്‍ ഗൂര്‍ഖ റജിമെന്റില്‍ ചേര്‍ന്നു. നായിബ് സുബൈദാര്‍ റാങ്കിലാണിപ്പോള്‍. പട്ടാളത്തിന്റെ ഷൂട്ടിംഗ് സംഘത്തില്‍ മികവറിയിച്ചാണ് ദേശീയ തലത്തില്‍ ശ്രദ്ധ കൈവരിച്ചത്.

Latest