Connect with us

Eranakulam

ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍

Published

|

Last Updated

നെടുമ്പാശ്ശേരി: താത്കാലിക ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ എത്തുന്നതിനാല്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം തീര്‍ഥാടകരാണ് ഈ പ്രവശ്യം ഹജ്ജ് നിര്‍വഹിക്കുന്നതിനായി കൊച്ചി അന്താരാഷ്ട വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു മുലം വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് താത്കാലികമായി നിരോധിച്ചത് മൂലം കഴിഞ്ഞ വര്‍ഷം മുതലാണ് താത്കാലികമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് യാത്ര നടത്താന്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള വിമാന അറ്റകുറ്റപണി കേന്ദ്രത്തിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത.് 60,000 ചതുരശ്ര അടി വീതമുള്ള രണ്ട് എയര്‍ ക്രാഫ്റ്റ് ഹംഗറുകള്‍ കുടാതെ 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താത്കാലിക സംവിധാനവും ക്യാമ്പില്‍ ഒരുക്കുന്നുണ്ട്. ഹാംഗറുകളില്‍ ഹജ്ജ് തീര്‍ത്ഥാടകരായ സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സൗകര്യങ്ങളോടുകൂടി താമസിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് താത്കാലികമായി ഒരുക്കിയിട്ടുള്ള സ്ഥലത്ത് തീര്‍ഥാടകര്‍ക്കും കൂടെ വരുന്നവര്‍ക്കും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സന്ദര്‍ശര്‍ക്ക് വിശ്രമിക്കുന്നതിനുമാണ് ഓരോ ദിവസവും 1600 പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കുന്നതിനും 200 ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പിലേക്ക് കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍ ബസുകള്‍ പ്രത്യേകസര്‍വീസുകള്‍ നടത്തും.
കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഹജ്ജ് ക്യാമ്പിലേക്ക് സര്‍വീസ് നടത്തും. ട്രെയിന്‍ മാര്‍ഗം എത്തുന്ന ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുവാന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത.് ഇവിടെ എത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്നതിനായി വളണ്ടിയര്‍മാരെ നിയോഗിക്കും.