ടി പി അശ്‌റഫലിയെ തങ്ങളിടപെട്ട് പുറത്താക്കിയെന്ന് വരുത്തി തീര്‍ക്കാന്‍ ചേളാരി വിഭാഗം ശ്രമം

Posted on: July 30, 2016 12:01 am | Last updated: July 30, 2016 at 12:01 am
SHARE

tp ashrafaliകോഴിക്കോട്: പ്രായപരിധി കഴിയുന്നതിന്റെ അടിസ്ഥാനത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും സ്വാഭാവികമായി ഒഴിയുന്ന ടി പി അശ്‌റഫലിയെ തങ്ങളിടപ്പെട്ട് പുറത്താക്കിയതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവുമായി ചേളാരി വിഭാഗം രംഗത്ത്. അശ്‌റഫലിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചേളാരി സമസ്തയുടെ ഒരു പ്രമുഖ നേതാവ് കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് തുറന്ന കത്തെഴുതിയിരുന്നു. തങ്ങളുടെ നേതാക്കളെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും മറ്റും വ്യക്തിപരമായി അധിക്ഷേപിച്ച അശ്‌റഫലിക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തെന്ന് ചോദിച്ചായിരുന്നു കത്ത്. സമസ്ത നേതാക്കളെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചയാളെ കണ്ടെത്തി നടപടി എടുക്കണമെന്ന സമസ്തയുടെ ഉപാധി ലീഗ് അംഗീകരിച്ചിരുന്നെന്നും സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ അതിന് പിന്നില്‍ അശ്‌റഫലിയാണെന്ന് വ്യക്തമായിട്ടും നടപടി എടുക്കാന്‍ എന്തിനാണ് ലീഗ് മടിക്കുന്നതെന്നുമാണ് കത്തില്‍ ചോദിച്ചിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ ചേളാരി വിഭാഗത്തിന്റെ ഈ കത്ത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
അടുത്ത കാലത്തൊന്നും ചേളാരി വിഭാഗത്തിനെതിരെ അശ്‌റഫലി ഒരു വിമര്‍ശനവും നടത്തിയിട്ടില്ല. എന്നിട്ടും എം എസ് എഫ് സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരില്‍ തുടങ്ങാനിരിക്കെ മാസങ്ങള്‍ക്ക് മുമ്പുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ഇപ്പോഴൊരു കത്തുമായി ഇ കെ വിഭാഗം രംഗത്തെത്തിയതാണ് ശ്രദ്ധേയമാകുന്നത്. എം എസ് എഫ് സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിക്കുമ്പോള്‍ പ്രായപരിധി 30 കഴിഞ്ഞതിനാല്‍ നിലവിലെ പ്രസിഡന്റായ അശ്‌റഫലി സ്വാഭാവികമായി ഒഴിയും. പുതിയ മെമ്പര്‍ഷിപ്പില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുമില്ല. ഈ അവസരം മുതലെടുത്ത് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് അശ്‌റഫലി മാറുന്നതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ചേളാരി വിഭാഗത്തിനാണെന്നാണ് വിമര്‍ശനം.
വിവാഹ പ്രായം അടക്കം ചേളാരി വിഭാഗത്തിന്റെ പല നിലപാടുകള്‍ക്കെതിരെയും അശ്‌റഫലി നേരത്തെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അശ്‌റഫലി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ ചേളാരി വിഭാഗം ലീഗ് നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയും ഇവരുടെ തിട്ടൂരത്തിന് വഴങ്ങി മാപ്പ് പറയാന്‍ അശ്‌റഫലിയും തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനില്‍ മത്സരിച്ച അശ്‌റഫലിയെ പരാജയപ്പെടുത്താന്‍ ചേളാരി വിഭാഗം പരസ്യമായി ശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല.
ഇതിന് ശേഷം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചയും നടന്നിരുന്നു. ഇതില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിനിടെയാണ് ചേളാരി വിഭാഗം ഇപ്പോള്‍ പുതിയ കത്ത് തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.എം എസ് എഫ് സംസ്ഥാന കമ്മിറ്റി പുന:സംഘടനയില്‍ നിലവിലെ പ്രസിഡന്റായ അശ്‌റഫലിയും ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദും ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അശ്‌റഫലിയെ മാത്രം നിര്‍ത്തി പി ജി മുഹമ്മദിനെ പ്രസിഡന്റാക്കിയും മലപ്പുറം ജില്ലയില്‍ നിന്നുള്ള നേതാക്കളായ ശമീര്‍ ഇടിയാറ്റില്‍, എന്‍ എ കരീം എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.