വടക്കന്‍ കാശ്മീരിലെ നാല് ജില്ലകളില്‍ കര്‍ഫ്യൂ; മൊബൈല്‍ ഫോണുകളുടെ നിയന്ത്രണം നീക്കി

Posted on: July 30, 2016 6:00 am | Last updated: July 29, 2016 at 11:43 pm
SHARE

ശ്രീനഗര്‍: സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്തതിനെ തുടര്‍ന്ന് വടക്കന്‍ കാശ്മീരിലെ നാല് ജില്ലകളിലും ശ്രീനഗറിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അതേ സമയം ഇന്നലെ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തതിനാല്‍ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
അനന്തനാഗ്, കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇവിടെ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജാമിഅ മസ്ജിദ് പരിസരത്ത് നിന്ന് വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കാശ്മീരിന്റെ പലഭാഗങ്ങളിലും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. താഴ്‌വരയിലെ സംഘര്‍ഷത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജാമിഅ മസ്്ജിദ് പരിസരത്തേക്കെത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ മാസം ഒമ്പതിന് ഹിസ്്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി പോലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ ഓപറേഷനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമ സംഭവങ്ങള്‍ക്ക് അയയുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച അനന്തനാഗ് ടൗണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യു പിന്‍വലിച്ചിരുന്നു.
പോസ്റ്റ് പെയ്ഡ് ഫോണുകളുടെ നിയന്ത്രണം എടുത്തു കളഞ്ഞ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് പുനഃസ്ഥാപിച്ചിട്ടില്ല.
പ്രീപെയ്ഡ് കണക്ഷനുകളില്‍ ഇന്‍കമിംഗ് കോളുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിഘടന വാദികള്‍ നടത്തുന്ന ബന്ദില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണെന്ന് അധികൃതര്‍ പറയുന്നു. വിഘടനവാദികള്‍ നാളെ വരെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.