എസ് വൈ എസ് സംസ്ഥാന നേതൃ പരിശീലന ക്യാമ്പിന് ഉജ്ജ്വല തുടക്കം

Posted on: July 30, 2016 5:40 am | Last updated: July 29, 2016 at 11:41 pm
SHARE

മുക്കം: സമസ്ത കേരള സുന്നീ യുവജന സംഘം (എസ് വൈ എസ് ) സംഘടനാ സ്‌കൂളിന്റെ ഭാഗമായുള്ള നേതൃ പരിശീലന ക്യാമ്പ് ‘പണിപ്പുര’ ക്ക് മുക്കം എരഞ്ഞിമാവ് എപെക്‌സ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രാര്‍ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ‘പണിപ്പുര’ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അമീര്‍ സി എച്ച് റഹ് മത്തുല്ല സഖാഫി നടപടികള്‍ നിയന്ത്രിച്ചു.
രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവജന മുന്നേറ്റമുണ്ടാവണമെന്ന് പഠന ക്യാമ്പ് ആവശ്യപ്പെട്ടു. വംശീയമായും വര്‍ഗീയമായും ചേരിതിരിവുണ്ടാക്കാന്‍ മന:പൂര്‍വ്വമുള്ള നീക്കങ്ങള്‍ നടക്കുകയും തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ യുവജന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് യുവാക്കളെ പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യ മതേതര സംഘടനകള്‍ വിലപ്പെട്ട സേവനങ്ങളാണ് സമൂഹത്തിനിടയില്‍ ചെയ്തു വരുന്നത്. വര്‍ഗീയ, ഭീകര, തീവ്രവാദ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ യുവജന നേതൃത്വങ്ങള്‍ക്ക് കഴിയണം. ഈ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ക്യാമ്പ് പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കും.
സയ്യിദ് ത്വാഹ തങ്ങള്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സി പി സൈതലവി, എ മുഹമ്മദ് പറവൂര്‍, എന്‍ അബ്ദുല്‍ ലത്തീഫ് സഅദി, എം വി സിദ്ദീഖ് സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നും ചില പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 144 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള 720 പേരില്‍ നിന്ന് നാല് വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ആശയ വിനിമയത്തിലൂടെ രൂപപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള പഠന സെഷനുകളും ചര്‍ച്ചകളുമാണ് ദ്വിദിന ക്യാമ്പില്‍ നടക്കുന്നത്. ഇന്ന് ( ശനി) രാവിലെ ആറ് മണി മുതല്‍ നടക്കുന്ന വിവിധ സെഷനുകള്‍ക്ക് ബഷീര്‍ ഫൈസി വെണ്ണക്കോട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മജീദ് കക്കാട്, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം മുഹമ്മദ് സ്വാദിഖ് നേതൃത്വം നല്‍കും.
വൈകുന്നേരം നാലു മണിക്ക് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന പ്രഭാഷണം നടത്തും. വൈകീട്ട് ആറുമണിയോടെ ക്യാമ്പ് സമാപിക്കും