അരി വാങ്ങാന്‍ ഏതു റേഷന്‍ കടയിലും പോകാം

Posted on: July 30, 2016 6:01 am | Last updated: July 30, 2016 at 12:55 pm
SHARE

sack-of-rice2കണ്ണൂര്‍ : സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഉപഭോക്താവിന് സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യം ലഭിക്കുന്ന സംവിധാനം സമ്പൂര്‍ണമായി നടപ്പാക്കുന്നു. എന്‍ഡ് ടു എന്‍ഡ് പദ്ധതി പ്രകാരമുള്ള റേഷന്‍ കട നവീകരണം ഏതാനും മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായത്. റേഷന്‍കടകളിലെ ഗുണഭോക്താക്കളുടെ ക്രയവിക്രയങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതോടെയാണ് ഏതു റേഷന്‍കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം പൂര്‍ണമാകുക. ഇതുസംബന്ധിച്ച് റേഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന സംവിധാനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
പൊതുവിതരണ സമ്പ്രദായം സുതാര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ‘എന്‍ഡ് ടു എന്‍ഡ്’ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. 472 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്രം നല്‍കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്.
ഇതിന്റെയടിസ്ഥാനത്തില്‍ ഒന്നര വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ പൊതുവിതരണ ശൃംഖലയും ഈ സംവിധാനത്തിന്റെ ഭാഗമാക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതി പാതിവഴിയില്‍ നിലക്കുകയായിരുന്നു.
റേഷന്‍ മറിച്ചു വില്‍പ്പന തടയാനുള്ള ബയോമെട്രിക് സംവിധാനം, അരിലോറികളില്‍ ജി പി എസ്, കടകളില്‍ സ്‌റ്റോക്ക് എത്തിയാല്‍ ഉപഭോക്താവിനെ അറിയിക്കാനുള്ള സംവിധാനം തുടങ്ങിയ പരിഷ്‌കാരങ്ങളും ഇതിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഏതാനും ചില റേഷന്‍ കടകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കഴിഞ്ഞില്ല. ഇപ്പോള്‍ കമ്പ്യൂട്ടര്‍ വത്കരണ പദ്ധതി സമ്പൂര്‍ണമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ഇലക്ടോണിക് പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിക്കുന്നതിനും റേഷന്‍കടകളിലെത്തുന്ന ഗുണഭോക്താക്കളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിന് ആധാര്‍ ബയോമെട്രിക് പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനും സിവില്‍സപ്ലെസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
റേഷന്‍ കടകളില്‍ സ്‌റ്റോക്കിനെക്കുറിച്ച് അറിയിക്കാനും ഉപഭോക്താവിന്റെ വിരലടയാളം സ്‌കാന്‍ ചെയ്ത് ആധാര്‍ രേഖയുമായി ഒത്തുനോക്കാനും ബില്‍ നല്‍കാനുമാണ് പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ സ്ഥാപിക്കുന്നത്. എഫ് സി ഐ സംഭരണ ശാലമുതല്‍ റേഷന്‍ കടകള്‍ വരെ കമ്പ്യൂട്ടര്‍ ശൃംഖലയുടെ ഭാഗമാക്കാനുള്ള നടപടികളാണ് മറ്റൊന്ന്. ഗോഡൗണില്‍ സ്‌റ്റോക്ക് വന്നാലുടന്‍ ലോറി ഓപ്പറേറ്റര്‍ക്ക് സന്ദേശം ലഭിക്കും. ഇത്തരം ലോറികള്‍ക്ക് പ്രത്യേക നിറം നല്‍കും. ഇവയില്‍ ജി പി എസ് ഘടിപ്പിക്കും. നിശ്ചിത സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക് വെയിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. കയറ്റിറക്ക് കൂലി കൊടുക്കുന്നതിനും കമ്പ്യൂട്ടര്‍ ഉണ്ടാകും. ഈ യന്ത്രത്തിലൂടെ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനും സൗകര്യമുണ്ടാകും.
ഓരോ ചാക്ക് അരിയുടേയും നീക്കം അപ്പപ്പോള്‍ കമ്പ്യൂട്ടറിലൂടെ അറിയാനുമാകും. റേഷന്‍ വിഹിതം സംബന്ധിച്ച വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കാനായി ആരംഭിച്ച ആപ്ലിക്കേഷനും സജീവമാക്കും. റേഷന്‍ കടയില്‍ ചെന്നാല്‍ സാധനം വന്നിട്ടില്ലെന്നും മറ്റും പറഞ്ഞ് ഗുണഭോക്താവിനെ മടക്കി അയക്കുന്ന പ്രവണത ചെറുക്കാനും എന്തൊക്കെ സാധനം എത്തിയെന്നും അതെത്രയുണ്ടെന്നും വിലയെന്തെന്നുമെല്ലാം അറിയാനും ഗുണഭോക്താവിനായാല്‍ റേഷന്‍ കടക്കാരുടെ തട്ടിപ്പുകള്‍ തടയാനാകുമെന്നാണ് ഇതു കൊണ്ടുള്ള ഗുണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പദ്ധതി പൂര്‍ണ തോതില്‍ നടപ്പാകുമ്പോള്‍ ഓരോ ഗുണഭോക്താവിനെയും ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അര്‍ഹമായ വിഹിതം കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.