ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കും: മന്ത്രി കെ ടി ജലീല്‍

Posted on: July 29, 2016 11:33 pm | Last updated: July 29, 2016 at 11:33 pm
SHARE
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ മര്‍കസ് അലുംനൈ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ തദ്ദേശ സ്വയം ഭരണ- ന്യൂനപക്ഷ മന്ത്രി കെ ടി ജലീല്‍ സംസാരിക്കുന്നു
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ മര്‍കസ് അലുംനൈ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ തദ്ദേശ സ്വയം ഭരണ- ന്യൂനപക്ഷ മന്ത്രി കെ ടി ജലീല്‍ സംസാരിക്കുന്നു

കാരന്തൂര്‍: വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാത്ത സര്‍ക്കാറാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നിട്ടുള്ളതെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ സ്വതന്ത്രമായി നിര്‍മിക്കാനുള്ള നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും തദ്ദേശ സ്വയം ഭരണ- ന്യൂനപക്ഷ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ മര്‍കസ് അലുംനൈ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ പൂര്‍വ കാലഘട്ടത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ബ്രിട്ടീഷുകാര്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയത് 1957 ലെ ഇ എം എസ് സര്‍ക്കാറാണ്. മത നിരപേക്ഷതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തില്‍ ധീരവും വ്യക്തവുമായ നിലപാടെടുക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാറിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്.
2006ല്‍ ആരും സഹായിക്കാനില്ലാത്ത കാലത്ത് തനിക്ക് നിറഞ്ഞ പിന്തുണ നല്‍കിയ നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പിന്നീടുള്ള തന്റെ രാഷ്ട്രീയ പ്രയാണത്തില്‍ അദ്ദേഹത്തിന്റെ സഹായവും പ്രാര്‍ഥനയും അനുഗ്രഹമായിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷത ഉറപ്പിക്കുന്നതിന് സഹായിക്കുന്ന ആവശ്യങ്ങളാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പുതിയ സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് അലുംനൈ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അമീര്‍ ഹസന്‍ പ്രസംഗിച്ചു. ജി അബൂബക്കര്‍, ടി പി അബ്ദുസ്സമദ്, എന്‍ അബ്ദുര്‍റഹ്മാന്‍, കെ എം അബ്ദുല്‍ ഖാദര്‍, മുഹമ്മദലി സംബന്ധിച്ചു.
അബ്ദുര്‍റഹ്മാന്‍ എടക്കുനി സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.