ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം കണ്ടെത്താന്‍ ശക്തമായ പട്രോളിംഗ്‌

Posted on: July 29, 2016 10:37 pm | Last updated: July 29, 2016 at 10:37 pm
SHARE
വാഹനങ്ങള്‍ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍
വാഹനങ്ങള്‍ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍

ദോഹ: ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് വകുപ്പ്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പ്രത്യേക നടപടി വേനല്‍ക്കാലം അവസാനം വരെ തുടരും. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 ഖത്വര്‍ റിയാല്‍ ആണ് പിഴ.
ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം കണ്ടെത്താന്‍ മാത്രമായി വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യും. വേനല്‍ക്കാലത്ത് വലിയതോതില്‍ ഗതാഗത തടസ്സം ഉണ്ടാകാത്തതിനാല്‍ നിയമലംഘകരുടെ വാഹനം അപ്പോള്‍ത്തന്നെ നിര്‍ത്തിക്കാനും പിഴയീടാക്കാനും സാധിക്കുമെന്ന് മീഡിയ ആന്‍ഡ് ട്രാഫിക് അവേര്‍നസ്സ് വകുപ്പ് അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് റാശിദ് ഉബൈദ പറഞ്ഞു. വിളിക്കാന്‍ മാത്രമല്ല, വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളും പോക്കിമന്‍ ഗോ പോലുള്ള ഗെയിമുകളും ഡ്രൈവിംഗിനിടെ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം പെരുമാറ്റം മറ്റുള്ളവരുടെ സുരക്ഷക്ക് കൂടി അപകടമാണ്. പിഴ ഈടാക്കല്‍ മാത്രമല്ല ബോധവത്കരണവും ഇതിന്റെ ലക്ഷ്യമാണ്. സീറ്റ് ബെല്‍റ്റിന്റെ ആവശ്യകതയും ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ തുടര്‍ന്നുള്ള അപകടത്തെയും സംബന്ധിച്ച് ബോധവത്കരിക്കും. നിയമലംഘനങ്ങളില്‍ വലിയ വര്‍ധന വന്നിട്ടില്ല. വേനല്‍ക്കാലത്ത് മുമ്പും ഇത്തരം ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ ശമാല്‍ പട്രോള്‍, സൗത്ത് പട്രോള്‍, ദുഖാന്‍ പട്രോള്‍ ദോഹയിലെ സംഘം തുടങ്ങി നിരവധി പട്രോളിംഗ് സംഘം പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രചാരണത്തിന്റെ ഗുണവും ഫലങ്ങളും സംബന്ധിച്ച് എല്ലാ ആഴ്ചയും വിശകലനം നടത്തും. ഖത്വറിലെ 80 ശതമാനം അപകടങ്ങളുടെയും കാരണം ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗമാണെന്ന് ട്രാഫിക് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.