ഖത്വര്‍ മരുഭൂമിയില്‍ പരീക്ഷണത്തിനെത്തുന്നു

Posted on: July 29, 2016 9:01 pm | Last updated: July 29, 2016 at 9:01 pm
SHARE

Moonദോഹ: ലോകത്തെ ആദ്യ സ്വകാര്യ ചാന്ദ്ര ദൗത്യത്തിലെ ശാസ്ത്ര സംഘം പരീക്ഷണങ്ങള്‍ക്കായി ഈയാഴ്ച ഖത്വറിലെത്തുന്നു. ഖത്വര്‍ മരുഭൂമിയിലെ കഠിനമായ സാഹചര്യത്തില്‍ ചാന്ദ്ര വാഹനം പരീക്ഷിക്കാനാണ് സംഘം എത്തുന്നതെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഓഡി ലുനാര്‍ ക്വാട്രോ എന്ന ചാന്ദ്ര പേടകം ഖത്വറിലെ ദക്ഷിണഭാഗത്തെ സക്‌രീത് മരൂഭൂമിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്‌ടൈം സയന്റിസ്റ്റിലെ (പി ടി) എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പരീക്ഷണമെന്ന് പി ടി സി ഇ ഒ റോബര്‍ട്ട് ബുമേ അറിയിച്ചു. ചാന്ദ്ര താഴ്‌വരയായ ടോറസ് ലിട്രോവിനു സമാനമായ പരുക്കന്‍ സാഹചര്യം തേടിക്കൊണ്ടിരിക്കുകയായിരുന്നു സംഘമെന്നും ഖത്തറിലെ ദഖീറ മരുഭൂമി ഇതിനു സമാനമായ പ്രദേശമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നും റോബര്‍ട്ട് പറഞ്ഞു.
ചെറു പാറകളും ഇളകിയ മണലും കുത്തനെയുള്ള ചെരിവും ഉള്ള സക്‌രീതില്‍ എത്തിപ്പെടാന്‍ എളുപ്പമുള്ള പ്രദേശമാണെന്നതിനാലണ് സംഘം ഇവിടം തിരഞ്ഞെടുത്തത്. മണ്ണും പൊടിയുമുള്ള ഉപരിതലത്തില്‍ പേടകം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും പേടകത്തിലെ പാസീവ് തെര്‍മല്‍ മാനേജ്‌മെന്റ് സംവിധാനം പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കുമോ എന്നും പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് പി ടി സയന്റിസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തേ ഓസ്ട്രിയയിലെ മഞ്ഞുമൂടിയ സാഹചര്യങ്ങളിലും ക്രീറ്റിലെ അഗ്‌നിപര്‍വത പ്രദേശത്തും ന്യൂസിലാന്‍ഡിലെ പര്‍വതങ്ങളിലും ആസ്‌ത്രേലിയയിലെ ജനവാസമില്ലാത്ത വിദൂര പ്രദേശങ്ങളിലും പേടകം വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. നാസയുടെ ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങളിലും ഓഡി പേടകം വിജയിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ ചാന്ദ്ര പര്യവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രഖ്യാപിക്കപ്പെട്ട 30 ദശലക്ഷം യു എസ് ഡോളറിന്റെ ഗൂഗ്ള്‍ ലുനാര്‍ എക്‌സ് പ്രൈസ് നേടുന്നതിനുള്ള മത്സരത്തിലാണ് പി ടി സയന്റിസ്റ്റ്. ചന്ദ്രനില്‍ 500 മീറ്റര്‍ സഞ്ചരിച്ച് ഹൈ റെസലൂഷന്‍ വിഡിയോകളും ചിത്രങ്ങളും മറ്റു വിവരങ്ങളും ഭൂമിയിലേക്ക് അയക്കുന്ന ആദ്യ സംഘത്തിന് 20 ദശലക്ഷം ഡോളര്‍ ലഭിക്കും. രണ്ടാമതെത്തുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് ലഭിക്കുക. കൂടാതെ ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട മറ്റു ചില ഫണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചാന്ദ്ര പര്യവേഷണം പ്രോത്സാഹിപ്പിക്കാനായി ഗൂഗിളിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ എക്‌സ് പ്രൈസ് ഫൗണ്ടേഷനാണ് ശൂന്യാകാശ മത്സരം ഏര്‍പ്പെടുത്തിയത്.
ജര്‍മനിയിലെ ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്‌ടൈം സയന്റിസ്റ്റ് ആണ് ദൗത്യത്തില്‍ മുന്നിലുള്ള പര്യവേഷണ സംഘം. പി ടി സയന്റിസ്റ്റിന്റെ 35 കിലോഗ്രാം ഭാരമുള്ള ഓഡി ലുനാര്‍ ക്വാട്രോ എന്ന ചാന്ദ്ര പേടകം നിര്‍മിച്ചത് കൂടുതലും അലൂമിനിയം ഉപയോഗിച്ചാണ്. മണിക്കൂറില്‍ 3.6 കിലോമീറ്ററാണ് നാലു ചക്രമുള്ള വാഹനത്തിന്റെ വേഗത കണക്കാക്കുന്നത്. 2017 നവംബറിലാണ് പേടകം 3,80,000 കിലോമീറ്റര്‍ വരുന്ന ചാന്ദ്ര യാത്ര നടത്തുകയെനന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രഥമ സ്വകാര്യ ചാന്ദ്ര പര്യവേഷണ സംഘം