ചെരുപ്പില്‍ പള്ളിയുടെ ചിത്രം; മന്ത്രാലയം നടപടി സ്വീകരിച്ചു

Posted on: July 29, 2016 8:59 pm | Last updated: July 29, 2016 at 8:59 pm
SHARE
പള്ളിയുടെ ചിത്രമുള്ള ചെരുപ്പ്‌
പള്ളിയുടെ ചിത്രമുള്ള ചെരുപ്പ്‌

ദോഹ: പള്ളിയുടെ ചിത്രം ആലേഖനം ചെയ്ത പാദരക്ഷകള്‍ നഗരത്തിലെ ഷോപിംഗ് മാളില്‍ നിന്നും പിടിച്ചെടുത്തു. പുരുഷന്‍മാരുടെ ഷൂസുകളിലും കുട്ടികളുടെ ചെരുപ്പുകളിലുമാണ് മസ്ജിദിന്റെ ചിത്രം ഡിസൈനായി ചേര്‍ത്തതു കണ്ടുപിടിച്ചത്. നഗരത്തിലെ ഒരു ഷോപിംഗ് മാളില്‍ വില്‍പ്പനക്കു കൊണ്ടു വന്ന ഉത്പന്നങ്ങളിലാണ് ഇവ കണ്ടെത്തിയത്. വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്ന ഇവയെല്ലാം വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു.
മസ്ജിദിന്റെ ചിത്രം ചേര്‍ത്ത പാദരക്ഷകള്‍ വിറ്റഴിക്കുന്നതായി പൊതുജനങ്ങളില്‍നിന്നും പരാതിയ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മന്ത്രാലയം പ്രതിനിധികള്‍ പരിശോധന നടത്തിയ ശേഷം നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും ഇതു സംബന്ധിച്ച് നിരവധി പേര്‍ പ്രതികരിച്ചിരുന്നു. ഇസ്‌ലാമിനെയും വിശ്വാസികളെയും അവഹേളിക്കുന്നതിനായുള്ള നടപടിയാണിതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. ഈ പാദരക്ഷകള്‍ രാജ്യത്തേക്കു വന്ന സാഹചര്യം അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. അവ രാജ്യത്ത് വിതരണം ചെയ്ത സ്ഥാപനങ്ങളും വില്‍പ്പനക്കുവെച്ച സ്ഥാപനങ്ങളും കണ്ടെത്തി പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇത്തരം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. മതത്തെയും മതവിശ്വാസികളെയും വ്രണപ്പെടുത്തുന്ന രീതികള്‍ വ്യാപാരത്തില്‍ കൊണ്ടുവരരുതെന്നാണ് നിര്‍ദേശം. അതേസമയം, സംഭവത്തില്‍ സന്ദര്‍ഭോചിതമായി ഇടപെട്ട് നടപടി സ്വീകരിച്ച ഉപഭോക്തൃ സംരക്ഷണ വിഭാഗത്തെ ജനം പ്രശംസിച്ചു.