അധ്യാപക രംഗത്ത് ഇന്ത്യക്കാര്‍ ഒന്നാമത്‌

Posted on: July 29, 2016 8:41 pm | Last updated: July 29, 2016 at 8:41 pm
SHARE

മസ്‌കത്ത്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് കണക്കുകള്‍. ഉന്നത വിദ്യാഭ്യാസ പ്രവേശന കേന്ദ്രത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് കാണിച്ചിരിക്കുന്നത്.
ഒമാനിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരില്‍ 48.2 ശതമാനവും ഇന്ത്യന്‍ അധ്യാപകരാണ്. ഫിലിപ്പൈനില്‍ നിന്ന് 10.3 ശതമാനവും, 5.8 ശതമാനം ഈജിപ്ത്, 4.4 ശതമാനം പാകിസ്ഥാന്‍ 3.7 ശതമാനം തുനീസ്യ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ ശതമാനം.
സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 41.1 ശതമാനത്തോടെ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ അധ്യാപകരുടെ എണ്ണമാണ്.2014-215 അക്കാദമിക് വര്‍ഷത്തിലെ അധ്യാപകരുടെ യോഗ്യതാ രംഗത്ത് മാസ്റ്റര്‍ ബിരുദക്കാരാണ് അധികവും. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ 56.6ശതമാനവും സ്വകാര്യ സ്ഥാപനങ്ങളില്‍ 50.2 ശതമാനവും മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയവരാണെന്നും കണക്ക് സൂചിപ്പിക്കുന്നു.സ്വകാര്യ മേഖലയിലെ അധ്യാപകരില്‍ പി എച് ഡി യോഗ്യതയുള്ളവര്‍ 2.1 ശതമാനമാണ്. ഇത് ഗവണ്‍മെന്റ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇതേ യോഗ്യതയുള്ള അധ്യാപരുടെ ശതമാനത്തെക്കാള്‍ കൂടുതലാണ്.
2014-2015 അക്കാദമിക് വര്‍ഷത്തെ രണ്ട് മേഖലയിലുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ മൊത്തം 7017 അധ്യാപകരാണ് ഉള്ളത്.