അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന

Posted on: July 29, 2016 6:30 pm | Last updated: July 30, 2016 at 11:15 am
SHARE

KM Mani.jpg.imageകൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. കോഴി ഇറക്കുമതി സ്ഥാപനത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. നികുതി ഇളവ് നല്‍കുക വഴി ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് വിജിലന്‍സ് തെളിവെടുപ്പ് നടത്തുന്നത്. പരാതിക്കാരന്റെ മൊഴി എറണാകുളം വിജിലന്‍സ് ഡവൈഎസ്പി രേഖപ്പെടുത്തി. അന്വേഷണ സംഘം മാണിയുടെ മൊഴി രേഖപ്പെടുത്തും.
തൃശൂര്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാനത്ത് നിന്ന് ഇറച്ചികോഴികളെ എത്തിക്കുന്ന നാല് കോഴി കച്ചവടക്കാര്‍ക്കും തൊടുപുഴ, തിരുവനന്തപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കിയെന്നാണ് പരാതി. തൃശൂരിലെ കോഴി ഇറക്കുമതി കമ്പനിയായ തോംസണ്‍ ഗ്രൂപ്പിന് 64 കോടി രൂപയുടെ പിഴ ഒഴിവാക്കി നല്‍കിയെന്നാണ് ആരോപണം.
എന്‍സിപി നേതാവ് അഡ്വ. നോബിള്‍ മാത്യു ആണ് മാണിക്കെതിരെ പരാതി നല്‍കിയത്. നേരത്തെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇദ്ദേഹം പരാതി നല്‍കിയിരുന്നുവെങ്കിലും പരാതിയില്‍പ്പറയുന്ന കമ്പനികള്‍ കോട്ടയം വിജിലന്‍സ് കോടതി പരിധിയില്‍ വരുന്നതല്ലെന്ന കാരണത്താല്‍ പരാതി തള്ളിയിരുന്നു.