Connect with us

Gulf

ആറു മാസത്തിനിടെ എമിറേറ്റ്‌സ് പറന്നത് 43.2 കോടി കിലോമീറ്റര്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ജനുവരി മുതല്‍ ആദ്യത്തെ ആറു മാസംകൊണ്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍ 43.2 കോടി കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തിയതായി ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇത് ഭൂമിയെ 10,700 തവണ വലയം വെക്കുന്നതിന് തുല്യമാണ്. ആഴ്ചയില്‍ 3,600 സര്‍വീസുകളാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിവിധ രാജ്യങ്ങളിലേക്ക് നടത്തുന്നത്. 2016 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത്തരത്തില്‍ 96,000 സര്‍വീസുകളാണ് നടത്തിയത്. ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ് 252 വിമാനങ്ങളുമായി 81 രാജ്യങ്ങളിലെ 152 പ്രധാന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ബസിന്റെ എ 380 ഇനത്തില്‍ പെടുന്ന ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ ഡബിള്‍ ഡക്കറുകള്‍ കൂടുതലായി സര്‍വീസിനുപയോഗിക്കുന്നതും എമിറേറ്റ്‌സ് തന്നെ. എ 380 ഇനത്തില്‍ പെടുന്ന 81 എയര്‍ക്രാഫ്റ്റുകളാണ് എമിറേറ്റ്‌സിന് സ്വന്തമായുള്ളത്. 2008ല്‍ എയര്‍ബസിന്റെ എ 380 വിമാനങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സേവന നിരയില്‍ എത്തിയതു മുതല്‍ അഞ്ച് കോടി യാത്രക്കാരാണ് ഈ ഇനത്തില്‍ യാത്ര ചെയ്തത്.
ബോയിംഗ് 777 വിഭാഗത്തില്‍ പെടുന്ന 157 എയര്‍ ക്രാഫ്റ്റുകള്‍ വിവിധ രാജ്യങ്ങളിലെ 109 പ്രധാന കേന്ദ്രങ്ങളിലേക്ക് സേവനം നടത്തുന്നുണ്ട്.
2004 മുതല്‍ സേവന നിരയിലെത്തിയ ബോയിംഗ് 777 വിമാനങ്ങളില്‍ 22.6 കോടി യാത്രക്കാരാണ് ഈ കാലയളവില്‍ യാത്ര ചെയ്തത്. ദുബൈ മീഡിയ ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest