ഇഖ്‌വാനും സലഫിയും ജമാഅതും തബ്‌ലീഗുമെല്ലാം ഭീകര സംഘങ്ങളെന്ന്‌

Posted on: July 29, 2016 7:38 pm | Last updated: July 29, 2016 at 7:38 pm
SHARE

Screenshot 2016-07-28 19.40.50ദുബൈ: ഇഖ്‌വാന്‍ (ബ്രദര്‍ഹുഡ്), സലഫികള്‍, ജമാഅതുദഅവ, തബ്‌ലീഗ് തുടങ്ങിയവയെല്ലാം ഭീകരസംഘത്തിന്റെ വിവിധ മുഖങ്ങളാണെന്ന് പ്രമുഖ ചിന്തകനും കോളമിസ്റ്റും യു എ ഇ പത്രപ്രവര്‍ത്തക യൂണിയന്‍ ചെയര്‍മാനുമായ പ്രൊഫ. മുഹമ്മദ് യൂസുഫ്.
ദുബൈയില്‍ നിന്നിറങ്ങുന്ന അല്‍ ബയാന്‍ അറബി പത്രത്തിലെ തന്റെ സ്ഥിരം കോളത്തിലാണ് ഇന്നലെ തന്റെ കാഴ്ചപ്പാട് തെളിവുകളുദ്ധരിച്ച് മുഹമ്മദ് യൂസുഫ് വ്യക്തമാക്കിയത്. ഇസ്‌ലാമിക പ്രബോധനം എന്ന മുഖംമൂടിയണിഞ്ഞാണ് ഈ സംഘങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതുമെങ്കിലും ഇസ്‌ലാമിക പ്രബോധനവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഈ കക്ഷികളൊക്കെയുമെന്നാണ് ഇദ്ദേഹം സമ ര്‍ഥിക്കുന്നത്.
എഴുപതുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലും അറബ് പ്രവിശ്യയിലും മറ്റു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യത്യസ്ത പേരുകളില്‍ രൂപപ്പെട്ട ഈ സംഘങ്ങളുടെയൊക്കെ അടിസ്ഥാനം ഭീകരതയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇവയില്‍ ചിലത് നേരിട്ട് ഭീകരവാദത്തിന്റെ വക്താക്കളാണെങ്കില്‍ ചിലവ രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളായി രംഗത്തുവരുന്നവയാണ്. മറ്റൊരു വിഭാഗമാവട്ടെ ദഅ്‌വാ സംഘങ്ങളായും പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരികയാണ്. ഓരോ രാജ്യങ്ങളില്‍ വ്യത്യസ്ത പേരിലും വിലാസത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും എല്ലാ കക്ഷികളുടെയും അടിത്തറ ഒന്നില്‍ കേന്ദ്രീകൃതമാണ്, തന്റെ കോളത്തില്‍ മുഹമ്മദ് യൂസുഫ് വ്യക്തമാക്കി.
ഇത്തരം സംഘങ്ങളെല്ലാം കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തുമ്പോഴും എല്ലാം അടിസ്ഥാനപരമായി യോജിക്കുന്നവയാണ്. ഈജിപ്തില്‍ അടുത്ത കാലത്ത് ഇഖ്‌വാനിന്റെ നേതൃത്വത്തില്‍ ലോകം കണ്ട ഐക്യനിര ഇതിന്റെ ഏറ്റവും പുതിയ തെളിവാണ്. സലഫികളിലെ രണ്ടു വിഭാഗമായ ജിഹാദീ സലഫികളും ദഅവീ സലഫികളും ഇഖ്‌വാനില്‍നിന്ന് ഇടക്കാലത്ത് പിരിഞ്ഞുപോയ മറ്റു ചില സംഘങ്ങള്‍ വരെയും ഈജിപ്തില്‍ ഒരുമിച്ചുനിന്നതിന് ചരിത്രം സാക്ഷിയായി. ലിബിയയിലും സിറിയയിലും യമനിലും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്, മുഹമ്മദ് യൂസുഫ് തുടരുന്നു.
ഗള്‍ഫ് മേഖലയില്‍നിന്നും മറ്റും വ്യത്യസ്ത പേരുകളിലും വഴികളിലും ഇത്തരം സംഘങ്ങള്‍ പണം സമാഹരിക്കുകയാണ്. ലോകത്തെ മൊത്തം അസ്ഥിരപ്പെടുത്താനും യഥാര്‍ഥ പരമ്പരാഗത ഇസ്‌ലാമിനെ കളങ്കപ്പെടുത്താനുമാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സൂചിപ്പിച്ച മുഹമ്മദ് യൂസുഫ് ഭരണകൂടങ്ങളും പൊതുജനങ്ങളും ഇവര്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ അനിവാര്യതയും സൂചിപ്പിച്ചു.