അടുത്ത മാസം ഇന്ധന വില കുറയും

Posted on: July 29, 2016 7:31 pm | Last updated: July 30, 2016 at 3:03 pm
SHARE

petrolഅബുദാബി: ആഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്ത് ഇന്ധനവില കുറയുമെന്ന് ഊര്‍ജ മന്ത്രാലയം. സൂപ്പര്‍ 98 ലിറ്ററിന് 1.88 ദിര്‍ഹം ഉണ്ടായിരുന്നത് 1.73 ദിര്‍ഹമാകും. സ്‌പെഷ്യല്‍ 95, 1.77 ദിര്‍ഹം ലിറ്ററിന് വിലയുണ്ടായിരുന്നത് 1.62 ദിര്‍ഹമായി കുറയും. ഇതോടൊപ്പം ഇ പ്ലസ്-91, 1.70 ദിര്‍ഹമില്‍നിന്ന് 1.55 ദിര്‍ഹമായി കുറയും. ഡീസല്‍ വിലയിലും അടുത്ത മാസത്തോടെ കുറവ് വരുത്തും. ലിറ്ററിന് 1.85 ദിര്‍ഹം ഉണ്ടായിരുന്നത് 1.76 ദിര്‍ഹമായി മാറുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പുതുക്കിയ വില രാജ്യത്ത് ആഗസ്റ്റ് ഒന്നു മുതലാണ് നിലവില്‍ വരിക.
ജനുവരിയില്‍ ക്രൂഡോയില്‍ വിലയില്‍ 30 ഡോളറിന് താഴെ ഉണ്ടായിരുന്നത് കഴിഞ്ഞ മാസത്തില്‍ 50 ഡോളറായി വര്‍ധിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയിലിന്റെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചും രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണ കമ്പനികളുടെ പ്രവര്‍ത്തന ലാഭക്കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുമാണ് രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. വിപണിയുടെ ആവശ്യങ്ങള്‍ക്കപ്പുറം ക്രൂഡോയില്‍ ഉത്പാദനം പുരോഗമിക്കുന്നതിനാല്‍ ക്രൂഡോയില്‍ വിപണി ശക്തി പ്രാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഊര്‍ജമന്ത്രാലയം ജനങ്ങള്‍ പൊതുഗതാഗതത്തെ കൂടുതല്‍ ആശ്രയിക്കുന്നതിനും വാഹനങ്ങളുടെ അമിതമായ പുകയിലൂടെ ഉടലെടുത്ത വായുമലിനീകരണം തടയുകയും ലക്ഷ്യമിട്ട് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.
2015 ഓഗസ്റ്റ് ഒന്നു മതലാണ് രാജ്യം സ്വതന്ത്രമായി എണ്ണവില നിശ്ചയിക്കാന്‍ ആരംഭിച്ചത്. അന്നു മുതല്‍ എണ്ണക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു. നവംബറില്‍ എണ്ണ വില പുതുക്കി നിശ്ചയിച്ചപ്പോള്‍ ജൂലൈ വരെയുള്ള കാലത്തേതിലും വില കുറഞ്ഞിരുന്നു. ആഗോള കമ്പോളത്തില്‍ എണ്ണവിലയില്‍ സംഭവിച്ച തുടര്‍ച്ചയായ ഇടിവാണ് വില കുറയുന്ന പ്രവണതക്ക് അടിസ്ഥാനം. ജൂലൈ അവസാന വാരത്തിലായിരുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കുമെന്ന് യു എ ഇ ഊര്‍ജ മന്ത്രാലയം അറിയിച്ചത്.
സബ്‌സിഡി നിര്‍ത്തിയതോടെ ആഗസ്റ്റ് ഒന്നു മുതല്‍ പെട്രോളിന് ലിറ്ററിന് മേല്‍ 20 ശതമാനത്തോളം വില വര്‍ധിച്ചിരുന്നു. അതേസമയം ഡീസലിന് 29 ശതമാനത്തോളം അന്ന് വിലയില്‍ കുറവുണ്ടാവുകയും ചെയ്തിരുന്നു. വിലയില്‍ സംഭവിച്ചിരിക്കുന്നത് നേരിയ കുറവാണെങ്കിലും അത് ജീവിതച്ചെലവ് കുറയാന്‍ ഇടയാക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. സെപ്തംബര്‍ മാസത്തില്‍ ജൂലൈ മാസത്തെ അപേക്ഷിച്ച് പെട്രോളിന് വില വീണ്ടും എട്ട് ശതമാനത്തോളം കുറഞ്ഞിരുന്നു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായാണ് വില നിര്‍ണയ കമ്മിറ്റി രൂപീകരിച്ചത്.
സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഈ കമ്മിറ്റിയാണ് രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയ ശേഷം ഓരോ മാസവും വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.