Connect with us

Malappuram

നാടന്‍ തത്തകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Published

|

Last Updated

മഞ്ചേരി: തമിഴ്‌നാട്ടില്‍ നിന്ന് കടത്തി കൊണ്ടുവന്ന 26 തത്തകളെ എക്സൈസ് സംഘം പിടികൂടി വനംവകുപ്പിന് കൈമാറി. തിരുപ്പൂര്‍ അവിനാശ് താലൂക്കിലെ രേയപൂര്‍ അണ്ണാദുരൈ(48)ആണ് പിടിയിലായത്. പതിവ് വാഹന പരിശോധനക്കിടെയാണ് തത്തകളെ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 1.20ന് മലപ്പുറം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മധുര കണ്ണൂര്‍ കെഎസ് ആര്‍ ടി സി ബസിലാണ് തത്തകളെ കൊണ്ടുവന്നത്. സ്ഥിരമായി തത്തകളെ വില്‍പനക്കെത്തിക്കുന്നയാളാണ് അണ്ണാദുരൈ എന്നും ഇതുവരെ 15 തവണയായി ഇയാള്‍ തത്തകളുമായി ഈ റൂട്ടില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 75 രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്ന നാടന്‍ തത്ത ഒന്നിന് 500 രൂപക്കാണ് വില്‍പന നടത്തുന്നത്. തത്തകളെയും പ്രതിയെയും കൊടുമ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിച്ച് അധികൃതര്‍ക്ക് കൈമാറി. തത്തകളുടെ ചിറകരിഞ്ഞതിനാല്‍ ഉടനെ തുറന്നു വിടാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവയെ ഫോറസ്റ്റ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിറകു മുളച്ചു പറക്കാനായാല്‍ തുറന്നു വിടാനാണ് തീരുമാനം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത്, പ്രിവന്റീവ് ഓഫീസര്‍ ശ്രീകാന്ത്, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത്, രാധാകൃഷ്ണന്‍, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.