Connect with us

Wayanad

ആനകള്‍ വെടിയേറ്റ് ചെരിഞ്ഞ സംഭവം: അന്വേഷണം കാര്യക്ഷമമാക്കണം

Published

|

Last Updated

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ചെതലയം നെയ്ക്കുപ്പ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷിടത്തില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരമായി ജില്ലാഭരണകൂടവും വനം വകുപ്പും ഇടപെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും, ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് കാരണമെന്നും അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീജിത്ത് പെരുമന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം കുറിച്യാട് വനമേഖലയിലെ നാലാംമൈലില്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പിടിയാന വെടിയേറ്റ് ചെരിഞ്ഞ സംഭവത്തിന് ഈ സംഭവവുമായി സമാനതകള്‍ ഏറെയുണ്ട്. നാടന്‍തോക്ക് ഉപയോഗിച്ച് മസ്തിഷ്‌ക്കത്തില്‍ വളരെ കൃത്യതയോടെയാണ് ഇരുകൊലപാതകങ്ങളും നടത്തിയിട്ടുള്ളത്. എന്നാല്‍ ആദ്യസംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷവും പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷവും പ്രതികളെ പിടിക്കുന്നതിനോ സംഭവത്തിന് തുമ്പുണ്ടാക്കുന്നതിനോ വനംവകുപ്പിന് സാധിച്ചിട്ടില്ല. കാര്‍ഷികാവശ്യത്തിനായി ലൈസന്‍സ് അനുവദിച്ചിട്ടുള്ള തോക്കുകളും തിരകളും ഉപയോഗിക്കപ്പെട്ടതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പരിശോധനകള്‍ക്ക് വിധേയമാക്കണം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പലരും ഇത്തരം തോക്കുകള്‍ ഉപയോഗിക്കുന്നത്.
വനംവന്യജീവി നിയമത്തില്‍ ഇത്തരം തോക്കുകള്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മുഖേന പുതുക്കി വാങ്ങണമെന്ന നിബന്ധനകള്‍ പലപ്പോഴും പ്രാവര്‍ത്തികമാവുന്നില്ല. കഴിഞ്ഞ രണ്ട് മാസങ്ങളിലായി കൊല്ലപ്പെട്ടതില്‍ രണ്ടും പിടിയാനകളാണ് എന്നുള്ളത് വേട്ടക്കാരില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട മേഖലയായ വയനാടിന്റെ വനാതിര്‍ത്തിയോട് ചേര്‍ന്ന് പെരുകിവരുന്ന റിസോര്‍ട്ട് മാഫിയകള്‍ മൃഗവേട്ടക്കാര്‍ക്കും കൊള്ളക്കാര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്ന താവളങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. വനംവകുപ്പിന്റെയോ റവന്യുവകുപ്പുകളുടെയോ അനുമതി ഏതുമില്ലാതെ തീര്‍ത്തും അനധികൃതമായാണ് ഇത്തരം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിക്കുന്നതെന്ന് രേഖാമൂലം പുറത്തുകൊണ്ടുവരികയും നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍പ്പെട്ട പരിസ്ഥിതി ദുര്‍ബല പ്രദേശമായ തിരുനെല്ലി പഞ്ചായത്തിലുള്‍പ്പെടെയുള്ള എല്ലാ റിസോര്‍ട്ടുകളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡി എഫ് ഒ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒരുമാസത്തിനകം അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയെങ്കിലും ദിവസങ്ങള്‍ മാത്രമാണ് പൂട്ടിയിട്ടത്. നിലവില്‍ വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും ഉത്തരവുകളും നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഇത്തരം അനധികൃത റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വനമേഖലയില്‍ നിന്നും മീറ്ററുകളുടെ മാത്രം വ്യത്യാസത്തിലാണ് റിസോര്‍ട്ടുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഗോവ ഫൗണ്ടേഷന്‍ കേസില്‍ വന്യജീവി സങ്കേതങ്ങളുടെയും നാഷണല്‍ പാര്‍ക്കുകളുടേയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള യാതൊരുവിധ വ്യാവസായിക പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും മുന്‍കൂര്‍ അനുമതിയും വേണമെന്നിരിക്കെയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള റിസോര്‍ട്ട് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെയും വന്യജീവി ബോര്‍ഡിന്റെയും ഉത്തരവുകള്‍ പ്രകാരം കോര്‍ ക്രിട്ടിക്കല്‍ പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കും സമ്പൂര്‍ണ നിരോധനം നിലനില്‍ക്കുന്നുണ്ട്. ആനവേട്ടയുമായി ബന്ധപ്പെട്ട് പ്രതികള്‍ വനമേഖലയോട് ചേര്‍ന്നുള്ള ഇത്തരം റിസോര്‍ട്ടുകളില്‍ തമ്പടിക്കുകയും വന്യമൃഗങ്ങളെ അടുത്ത് നിരീക്ഷിച്ച് വേട്ടയാടാനുള്ള സാധ്യതകളും തള്ളിക്കളയാനാവുന്നതല്ല. ഇക്കാര്യങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് വയനാട്ടില്‍ വേട്ടക്കിറങ്ങിയ സംഘം തോക്കും ആയുധങ്ങളുമായി കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പിടിയിലായത്.
ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന രീതിയിലാണ് കഴിഞ്ഞ വര്‍ഷം തിരുനെല്ലിയില്‍ വനമേഖലയാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത റിസോര്‍ട്ട് ടൈഗര്‍ ട്രാക്കിംഗ് നടത്തി കടുവയെയും പുലിയെയും പിന്‍തുടരുന്നതിന്റെയും ശല്യപ്പെടുത്തുന്നതിന്റെയും വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്. വന്യമൃഗങ്ങളെ വേട്ടയാടിയതിന് അടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട പ്രസ്തുത റിസോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.
വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം അനധികൃതസ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും, ആനകള്‍ വേട്ടയാടപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കടുവാസങ്കേതമായ നാഗര്‍ഹോള ടൈഗര്‍ റിസര്‍വില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന അനധികൃത റിസോര്‍ട്ടും മദ്യശാലകളും തന്റെ നിരന്തരമായ നിയമപോരാട്ടത്തിനൊടുവില്‍ മാസങ്ങള്‍ക്ക് മുമ്പാണ് അടച്ചുപൂട്ടിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരിട്ട് വിഷയത്തില്‍ ഇടടപെടുകയും അനധികൃത മദ്യശാലയടക്കം പ്രവര്‍ത്തിച്ചിരുന്ന സ്ഥലം മദ്യവിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. കര്‍ണാടകത്തിലെ ഉന്നതരുടെ ഉടമസ്ഥതയില്‍ നടന്നുവന്ന ഈ റിസോര്‍ട്ട് മാഫിയയുടെ പ്രവര്‍ത്തനം പരിസ്ഥിതി ദുര്‍ബല പ്രദേശമായ കേരളാ അതിര്‍ത്തിയില്‍ വയനാട് വന്യജീവി സങ്കേതത്തിനോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആനകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നിലവിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും, ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മറ്റുവകുപ്പുകളുമായി സഹകരിച്ച് ഉന്നതതല സംഘത്തിന് അന്വേഷണം കൈമാറണമെന്നും അല്ലാത്തപക്ഷം, ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരുമായും, സംഘടനകളുമായും സഹകരിച്ച് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശ്രീജിത് പെരുമന പറഞ്ഞു.

Latest