കുടിയേറിയ പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ക്കായി 12ന് സിറ്റിംഗ്

Posted on: July 29, 2016 12:47 pm | Last updated: July 29, 2016 at 12:47 pm
SHARE

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലേക്ക് കുടിയേറിയ പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ പരാതികള്‍ പരിഹരിക്കാര്‍ 12ന് കലക്ടറേറ്റില്‍ സിറ്റിങ് നടത്തും.
സി കെ ശശീന്ദ്രന്‍ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കിര്‍ത്താഡ്‌സ് ഡയറക്ടര്‍ ബിന്ദു, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ സിറ്റിങ് നടത്തുക. കലക്ടറേറ്റിലെ പിജി സെല്ലില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ്
സിറ്റിങില്‍ പങ്കെടുക്കാം. ജില്ലയില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാട തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി പട്ടികജാതി വിഭാഗത്തിലുണ്ട്. കുടിയേറ്റ കാലത്തുണ്ടായവരെല്ലാം മരിച്ചുപോയതോടെ ഇപ്പോള്‍ ജീവിക്കുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ പ്രയാസങ്ങളുണ്ട്. മാതാപിതാക്കളുടെ ജന്മസ്ഥലവുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ലാത്തതിനാല്‍ രേഖ ലഭിക്കാന്‍
പ്രയാസമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ 1950ല്‍ ഒരു പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയിരുന്നു.1950ന് ശേഷം കുടിയേറിപ്പാര്‍ത്തവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. കല്‍പ്പറ്റ മണ്ഡലത്തില്‍ മാത്രം 256 ആദി കര്‍ണാടക
കുടുംബങ്ങളും 354 ബാക്കിട കുടുംബങ്ങളും തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആദി കര്‍ണാടക കര്‍ണാടകയില്‍ നിന്നും ബാക്കിട വിഭാഗം കാസര്‍ഗോഡ് നിന്നും മംഗലാപുരത്ത് നിന്നും വന്നവരാണ്. ഇവര്‍ക്കൊന്നും നിലവില്‍ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കുന്നില്ല. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് സീറ്റ് ലഭിക്കുന്നതുള്‍പ്പെടെ നിരവധി പരാതികള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ പ്രശ്‌നം നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. കിര്‍ത്താഡ്‌സിനെ ഉപയോഗിച്ച് പഠനം നടത്തി കുടിയേറ്റക്കാലം പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസങ്ങള്‍ ഒഴിവാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.