ആരണ്യത്തിന്റെ അധികാരം തേടിയ എഴുത്ത്

Posted on: July 29, 2016 12:18 am | Last updated: July 29, 2016 at 12:18 am
SHARE

mahaswethaകൊല്‍ക്കത്ത: ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി സാഹിത്യരചന നടത്തിയ മഹാശ്വേതാദേവി അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം എന്ന നിലയിലാണ് ശ്രദ്ധേയയാകുന്നത്. ആദിവാസികള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, ജാതീയമായ ഉച്ചനീചത്വങ്ങള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവ അവരുടെ എഴുത്തിന് വിഷയമായി മാറി. ഹജാര്‍ ചുരാഷിര്‍ മാ, ആരണ്യര്‍ അധികാര്‍, ഝാന്‍സി റാണി, അഗ്നിഗര്‍ഭ, രുദാലി, സിദ്ദു കനൂര്‍ ദാക്കെ തുടങ്ങി അവരുടെ കൃതികളെല്ലാം തന്നെ ഇവരുടെ ജീവതങ്ങളിലേക്കുള്ള ഉള്‍ക്കാഴ്ചകളായിരുന്നു.
എഴുത്തുകാരി എന്നതിനപ്പുറം പശ്ചിമ ബംഗാള്‍, ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കീഴാളരുടെ ക്ഷേമത്തിനായി പൊരുതുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയായിരുന്നു മഹാശ്വേതാ ദേവി. ഈ മേഖലയിലേക്ക് തന്നെ എത്തിച്ച പ്രചോദനത്തെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഞാന്‍ എന്നും വിശ്വസിക്കുന്നത്, യഥാര്‍ഥ ചരിത്രം ഉണ്ടാക്കുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നാണ്. തലമുറകളായി സാധാരണക്കാരനിലൂടെ പകര്‍ന്നുവരുന്ന നാടോടി വിജ്ഞാനീയങ്ങളിലൂടെയും വീരഗാഥകളിലൂടെയും ഐതീഹ്യങ്ങളിലൂടെയും പുരാവൃത്തങ്ങളിലൂടെയും ഞാന്‍ സ്ഥിരമായി കടന്നുപോകാറുണ്ട്. ഇതാണ്, എന്റെ എഴുത്തുകളില്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ കടന്നുവരുന്നത്. അത്ഭുതകരമാം വിധം സത്യസന്ധരും പീഡനങ്ങളേറ്റുവാങ്ങുന്നവരുമായ അവരുടെ ജീവിതം തന്നെയാണ് എന്റെ എഴുത്തുകള്‍ക്കുള്ള അവസാനിക്കാത്ത ഉറവിടവും ചേരുവകളും. അവരെ അറിഞ്ഞുതുടങ്ങിയതിനാല്‍, പിന്നെന്തിന് കഥാതന്തുക്കള്‍ക്കായി ഞാന്‍ മറ്റിടങ്ങള്‍ തേടണം? ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്, എന്റെ എഴുത്തുകള്‍ അവരുടെ പ്രവൃത്തികള്‍ തന്നെയാണെന്ന്.’
ഈ നിലപാടില്‍ ഉറച്ചുനിന്നതുകൊണ്ടാകണം, പശ്ചിമ ബംഗാള്‍ മുന്‍ സര്‍ക്കാറിന്റെ വ്യവസായിക നയങ്ങള്‍ക്കെതിരെയുള്ള ഏറ്റവും കനപ്പെട്ട ശബ്ദമായി മഹാശ്വേതാ ദേവി മാറിയത്. വ്യവസായിക ആവശ്യങ്ങള്‍ക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ വിമര്‍ശിക്കുകയും കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു അവസാന കാലം വരെയും അവര്‍. സിംഗൂരിലെയും നന്ദിഗ്രാമിലെയും കുടിയിറക്കപ്പെട്ട കര്‍ഷകരുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കുന്നതി ല്‍ അവരുടെ എഴുത്തുകളും പ്രസംഗങ്ങളും നിര്‍ണായകമായി.
തന്റെ എല്ലാ സാഹിത്യ രചനകളെയും മാധ്യമ എഴുത്തുകളെയും പ്രചോദിപ്പിച്ച് മുന്നോട്ട് നയിച്ചത് തന്റെ സാമൂഹിക പ്രവര്‍ത്തനം തന്നെയാണെന്ന് ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ അവര്‍ വ്യക്തമാക്കി. സാമൂഹികമായ ഈ യാത്രകള്‍ക്കിടയില്‍ വീണുകിട്ടുന്നതും തേടിപ്പിടിക്കുന്നതുമായ ഗോത്രവര്‍ഗ വാമൊഴി ചരിത്രങ്ങള്‍ അവരുടെ എഴുത്തുകളെ കൂടുതല്‍ ബലവത്താക്കുകയായിരുന്നു. 1979ല്‍ കേന്ദ്ര സാഹിത്യ അവാര്‍ഡിന് അവരെ അര്‍ഹയാക്കിയ ആരണ്യര്‍ അധികാര്‍ (ആരണ്യത്തിന്റെ അധികാരം) എന്ന നോവല്‍ ഇങ്ങനെയൊരു ചരിത്ര നിമിഷത്തെയാണ് അടയാളപ്പെടുത്തിവെക്കുന്നത്. 19ാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ബിര്‍സാ മുണ്ട എന്ന ഗോത്ര നേതാവിന്റെ ജീവിതവും പോരാട്ടങ്ങളുമാണ് ഇതില്‍ ഇതിവൃത്തമാകുന്നത്. അഗ്നിഗര്‍ഭ എന്ന കഥാസമാഹാരം ഉള്‍ക്കൊള്ളുന്നതാകട്ടെ, ഗോത്രജീവിതങ്ങളിലെ അശാന്തിയാണ്. നക്‌സലൈറ്റ് മുന്നേറ്റങ്ങളെ കുറിച്ചാണ് ബിഷ് എകുഷ് എന്ന നോവല്‍ പറയുന്നത്.
മഹാശ്വേതാ ദേവിയുടെ ഏതാനും നോവലുകള്‍ സിനിമകളായിട്ടുണ്ട്. ഹജാര്‍ ചാരുഷി മാ എന്ന നോവല്‍ ഇതിവൃത്തമാക്കിയാണ് ഹസാര്‍ ചൗരസി കി മാ (1084ന്റെ അമ്മ) എന്ന പേരില്‍ 1998ല്‍ ഗോവിന്ദ് നിഹലാനി ഹിന്ദി സിനിമ നിര്‍മിച്ചത്. രുദാലി എന്ന അവരുടെ മറ്റൊരു നോവല്‍ അതേ പേരില്‍ 1993ല്‍ കല്‍പ്പന ലജ്മി അഭ്രപാളിയിലേക്ക് പകര്‍ത്തി. രാജസ്ഥാനിലെ വരേണ്യ വിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാരുടെ മരണത്തില്‍ പാരമ്പര്യാനുസരണം കൂലിക്ക് വിലപിക്കാന്‍ നിയോഗിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ചാണ് ഈ നോവല്‍ പറയുന്നത്. വനിതാവകാശങ്ങളെ കുറിച്ച് ശബ്ദിക്കുന്ന ചോളി കെ പീച്ചെ എന്ന മഹാശ്വേതാ ദേവിയുടെ കഥ ഗാംഗോര്‍ എന്ന പേരില്‍ ബഹുഭാഷാ സിനിമയായി ഇറ്റാലിയന്‍ സംവിധായകന്‍ ഇറ്റാലോ സ്പിനെല്ലി വെള്ളിത്തിരയില്‍ എ ത്തിച്ചിട്ടുണ്ട്.