ഹിലാരിയെ ജനം കൈയൊഴിയില്ല; ട്രംപ് ആസൂത്രണമില്ലാത്ത ആള്‍: ഒബാമ

Posted on: July 29, 2016 6:00 am | Last updated: July 29, 2016 at 12:15 am
SHARE

ഫിലാഡാല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പുരുഷനോ സ്ത്രീയോ ആയി ഹിലാരി ക്ലിന്റനേക്കാള്‍ യോഗ്യയായ അരുമില്ലെന്ന് ആത്മ വിശ്വാസത്തോടെ തനിക്ക് പറയാന്‍ കഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഫിലാഡാല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് ഒബാമയുടെ അഭിപ്രായ പ്രകടനം.
ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ എങ്ങനെ ഇടപെടണമെ്‌ന്നോ പട്ടാളക്കാരെ അയക്കുന്നത് സംബന്ധിച്ചോ ഒരു പക്ഷേ നിങ്ങള്‍ക്ക് അറിയാന്‍ വഴിയില്ല. എന്നാല്‍ വൈറ്റ് ഹൗസില്‍ ഹിലാരി വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അവര്‍ പ്രാഗത്ഭ്യം തെളിയിച്ചതാണെന്നും അന്നത്തെ തീരുമാനങ്ങൡ അവരുടെ വ്യക്തി മുദ്ര തെളിഞ്ഞിരുന്നതായും ആര്‍ക്കും മനസ്സിലാകുമെന്ന് ഒബാമ പറഞ്ഞു.
ഈ തീരുമാനങ്ങള്‍ തൊഴിലെടുത്ത് ജീവിക്കുന്ന കുടുംബങ്ങളെയും മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ബിസിനസ് സംരംഭകര്‍, പട്ടാളക്കാര്‍, വിരമിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ സമയത്ത് പോലും ജനങ്ങളുടെ വികാരം ഹിലാരി ക്ലിന്റണ്‍ മാനിച്ചിരുന്നു. ഇങ്ങനെയുള്ളയാളെ ജനം ഒഴിവാക്കില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഒബാമ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കാനും ഒബാമ മറന്നില്ല. വ്യക്തമായ ആസൂത്രണമില്ലാത്ത വ്യക്തിയാണ് ട്രംപെന്ന് ഒബാമ ആരോപിച്ചു. താനൊരു ബിസിനസുകാരനാണെന്ന് ട്രംപ് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. കഠിനാധ്വാനം കൊണ്ടല്ലാതെ ജനങ്ങളെ വഞ്ചിച്ചും തൊഴിലാളികള്‍ക്ക് മതിയായ വേതനം നല്‍കാതെയും ബിസിനസുകാരായി മാറിയ കുറെയാളുകളെ തനിക്കറിയാമെന്നും ഒബാമ പറഞ്ഞു.
ലോകാനേതാക്കള്‍ക്കിടയില്‍ ആദരിക്കപ്പെടുന്ന വ്യക്തിയാണ് ഹിലാരി ക്ലിന്റണ്‍. അമേരിക്കന്‍ ഇന്റലിജന്‍സ്, ഭരണകാര്യ ഉദ്യോഗസ്ഥര്‍, പട്ടാളക്കാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളാണ് ഹിലാരി. തീവ്രവാദത്തിനെതിരെ ശക്തമായി നിലകൊള്ളുന്നയാളാണിവര്‍. ഇത്തരം കാര്യങ്ങള്‍ അവര്‍ക്ക് പുതിയതല്ലെന്നും ഒബാമ പറഞ്ഞു. റൊണാള്‍ഡ് റീഗണ്‍ അമേരിക്കയെ കുന്നിനു മുകളില്‍ പ്രകാശിക്കുന്ന നഗരമെന്ന് വിശേഷിച്ചപ്പോള്‍ ട്രംപ് അതിനെ, തനിക്ക് മാത്രം ഒന്നിപ്പിക്കാന്‍ സാധിക്കുന്ന കുറ്റകൃത്യങ്ങള്‍കൊണ്ട് വിഘടിച്ച അരങ്ങെന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ നമ്മള്‍ ഹിലാരിയെ വിജയത്തിലെത്തിക്കണം. അതാണ് ആവശ്യം. ഡെമോക്രാറ്റിക് പാര്‍ട്ടി നല്ല കരങ്ങളിലാണ്- ഒബാമ കൂട്ടിച്ചേര്‍ത്തു. നവംബര്‍ എട്ടിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കണ്‍വെന്‍ഷനില്‍ ഹിലരിയെ പ്രഖ്യാപിച്ചിരുന്നു.