Connect with us

Sports

ആരോണ്‍ ഹ്യൂസ് ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വു താരം

Published

|

Last Updated

കൊച്ചി: വടക്കന്‍ അയര്‍ലന്‍ഡ് ഫുട്‌ബോള്‍ താരം ആരോണ്‍ ഹ്യൂസ് ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മാര്‍ക്വീ താരം. അടുത്തിടെ അവസാനിച്ച യൂറോകപ്പില്‍ വടക്കന്‍ അയര്‍ലന്‍ഡ് നിരയിലുണ്ടായിരുന്ന ഹ്യൂസിനെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മാര്‍ക്വീ താരമായി പ്രഖ്യാപിച്ചു.
പ്രതിരോധനിര താരമായിരുന്ന ഈ 36കാരന്‍ വടക്കന്‍ അയര്‍ലന്‍ഡിനായി 103 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. 46 മത്സരങ്ങളില്‍ ക്യാപ്റ്റനായിരുന്നു. ന്യൂകാസില്‍ യുണൈറ്റഡിനായി 279 ഇംഗ്ലീഷ് പ്രിമിയര്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹ്യൂസ് ആകെ 455 ഇപിഎല്‍ മത്സരങ്ങള്‍ക്കായി ബുട്ട് കെട്ടിയിട്ടുണ്ട്. 1998ല്‍ രാജ്യാന്തര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഹ്യൂസ് 2011 ല്‍ വിരമിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ യൂറോകപ്പ് സ്‌ക്വാഡില്‍ ഈ താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു.ഓസ്‌ട്രേലിയന്‍ എ ലീഗില്‍ മെല്‍ബണ്‍ സിറ്റിക്കു വേണ്ടിയായിരുന്നു ആരോണ്‍ ഹ്യൂസ് കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നത്. ആസ്റ്റണ്‍ വില്ല, ഫുള്‍ഹാം തുടങ്ങിയ പ്രമുഖ ഇപിഎല്‍ ടീമുകളിലും ഹ്യൂസ് പ്രതിരോധ നിര കാത്തിട്ടുണ്ട്. നിലവില്‍ കളിക്കുന്ന താരത്തെ മാര്‍ക്വീ താരമാക്കണമെന്ന തീരുമാനത്തോടെയാണു ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കളിക്കാരെ അന്വേഷിച്ചിരുന്നത്. മാര്‍ക്വീ താരത്തെ നേരത്തെ പ്രഖ്യാപിച്ച് മികച്ച മുന്നൊരുക്കം നടത്താനായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും പുതിയ മാനേജ്‌മെന്റ് അംഗങ്ങളുടെയും തീരുമാനം. ഹ്യൂസിന്റെ പരിചയസമ്പന്നത മുതലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ യൂറോകപ്പ് സ്‌ക്വാഡിലേക്ക് അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. കഴിഞ്ഞ തവണ മാര്‍ക്വീ താരത്തെ അറിയിക്കാന്‍ ഐഎസ്എല്‍ അധികൃതര്‍ നല്‍കിയ അവസാന തീയതിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സ്‌പെയിനില്‍ നിന്നുള്ള കാര്‍ലോസ് മര്‍ച്ചേനയെ മാര്‍ക്വീതാരമായി പ്രഖ്യാപിച്ചത്. പരുക്കേറ്റ് കഴിയുന്ന മര്‍ച്ചേന ആകെ ഒരു മത്സരത്തില്‍ മാത്രമായിരുന്നു കളത്തിലിറങ്ങിയത്.