നേപ്പാളിന്റെ കരുത്തുള്ള ഇന്ത്യന്‍ ഇടിമിന്നല്‍

Posted on: July 29, 2016 6:00 am | Last updated: July 29, 2016 at 12:13 am
SHARE

st001b copyനാല് വര്‍ഷം മുമ്പ് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഇടിക്കൂട്ടില്‍ ശിവ ഥാപ നില്‍ക്കുമ്പോള്‍ പ്രായം 18. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ബോക്‌സിംഗ് താരം എന്ന റെക്കോര്‍ഡ് ശിവക്ക് സ്വന്തം. റിയോയിലെ ഇടിക്കൂട്ടിലും ശിവ മത്സരിക്കുന്നുണ്ട്. ഇരുപത്തിരണ്ടുകാരനില്‍ അന്നത്തേക്കാളും പരിചയ സമ്പത്തുണ്ട്, ആത്മവിശ്വാസമുണ്ട്, കൈക്കരുത്തുണ്ട്. അസമില്‍ നിന്നുള്ള ഈ ബോക്‌സറില്‍ നിന്ന് മറ്റൊരു വിജേന്ദറിനെയാണ് ഇന്ത്യന്‍ കായിക രംഗം പ്രതീക്ഷിക്കുന്നത്. ലണ്ടന്‍ ഒളിമ്പ്യാഡില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ശിവ ഇത്തവണ അത്തരമൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നു. രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ പുതിയ റാങ്കിംഗ് പ്രകാരം ആറാം സ്ഥാനത്തുള്ള ശിവ ഥാപ കഴിഞ്ഞ വര്‍ഷം ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ശിവ.
രണ്ട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡലണിഞ്ഞു. 2013 ല്‍ സ്വര്‍ണവും 2015 ല്‍ വെങ്കലവും. റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ്. റിയോയില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യന്‍ ബോക്‌സറും ഇത്രയും ഉന്നതമായ ഫോം പ്രദര്‍ശിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ്, ബാന്‍ഡംവെയ്റ്റ് കാറ്റഗറിയില്‍ (56 കി.ഗ്രാം) ഇന്ത്യന്‍ സംഘം ഒരു മെഡല്‍ സ്വപ്‌നം കാണുന്നത്.
ശിവ ഥാപയെ ഒളിമ്പിക് മെഡല്‍ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത് രണ്ട് പേരാണ്. 2008 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇടിക്കൂട്ടില്‍ അഭിമാനമായി മാറിയ വിജേന്ദര്‍ സിംഗും അഖില്‍ കുമാറും. അന്ന് സബ്ജൂനിയര്‍ താരമായിരുന്നു ശിവ. അഖില്‍ കുമാറിന് മെഡല്‍ നേടാനായില്ലെങ്കിലും പ്രമുഖരെയെല്ലാം നിലംപരിശാക്കി അഖില്‍ കുമാറാണ് ആദ്യം മെഡല്‍പ്രതീക്ഷയായി ഉദിച്ചു നിന്നത്. അഖില്‍ മെഡലിനരികെ വീണപ്പോള്‍ വിജേന്ദര്‍ അത് നേടിയെടുത്തു. ശിവയുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് ബീജിംഗ് ഒളിമ്പ്യാഡ്. ശിവയുടെ ബോക്‌സിംഗ് കരിയറിന് സര്‍വപിന്തുണയും നല്‍കുന്നത് ഒരു നേപ്പാളുകാരനാണ്. അദ്ദേഹത്തിന്റെ പിതാവ് പദം ഥാപ. ഒന്നാംതരം കരാട്ടെക്കാരന്‍ ! മുതിര്‍ന്ന സഹോദരന്‍ ഗോബിന്ദ് ഥാപ സ്റ്റേറ്റ് ലെവല്‍ മെഡല്‍ ജേതാവാണ്. മൈക് ടൈസന്റെ ഉശിരന്‍ പഞ്ചുകളാണ് ശിവയെ ബോക്‌സിംഗ് റിംഗിലെത്തിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് പരിശീലനം ആരംഭിക്കും.
കരാട്ടെ മാസ്റ്ററായ പദം ഥാപ മക്കളെ ആയോധനകല പഠിപ്പിച്ചത് അതിജീവനം കൂടി ലക്ഷ്യമിട്ടാണ്. ഗുവാഹത്തിയില്‍ തെരുവ് ഗുണ്ടകള്‍ക്കും അടിപിടിക്കും സകല കച്ചറക്കും കുപ്രസിദ്ധമായ ഉള്‍ഗ്രാമത്തിലാണ് ഇവര്‍ ജനിച്ചു വളര്‍ന്നത്. അവിടെ അത്യാവശ്യം രക്ഷപ്പെട്ട് പോകണമെങ്കില്‍ പ്രതിരോധ മാര്‍ഗം പഠിക്കേണ്ടതുണ്ടായിരുന്നു. പദം ഥാപയുടെ മക്കള്‍ തെറ്റിലേക്ക് വഴുതിയില്ല. അവര്‍ രാജ്യത്തിന്റെ അഭിമാനമാകാന്‍ ശ്രമിച്ചു. ശിവ ഥാപ രണ്ടാം ഒളിമ്പിക്‌സിന് പോകുമ്പോള്‍ ആ പിതാവിന്റെ ജീവിതപരിശ്രമം സാര്‍ഥകം.
ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, അത്‌ലറ്റിക്‌സ് എന്നിങ്ങനെ മറ്റ് മേഖലകളിലെല്ലാം പയറ്റി നോക്കിയിട്ടുണ്ട് ശിവ. ഫുട്‌ബോള്‍താരമാകുവാനാണ് ശിവ ഏറ്റവും ആഗ്രഹിച്ചത്. ബോക്‌സിംഗിലേക്ക് വഴി തെറ്റി വന്നു എന്ന് പറയാം.
2008 ഒളിമ്പിക്‌സില്‍ വിജേന്ദര്‍ സിംഗിന്റെ പേഴ്‌സനല്‍ ട്രെയിനറായ സി കുട്ടപ്പക്ക് കീഴിലാണ് ശിവ ഇപ്പോള്‍ പരിശീലിക്കുന്നത്. 2013 മുതല്‍ക്കുള്ള ബന്ധം ശിവക്ക് കരിയറില്‍ ഏറെ ഗുണം ചെയ്തു. സബ് ജൂനിയര്‍ തലം മുതല്‍ക്ക് ശിവയെ നിരീക്ഷിക്കാറുണ്ടായിരുന്നു കുട്ടപ്പ. കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് യുവതാരത്തിന്റെ വലിയ പ്രത്യേകതയെന്ന് കുട്ടപ്പ പറയുന്നു.