ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം: ഡി ജി പി

Posted on: July 29, 2016 5:05 am | Last updated: July 29, 2016 at 12:06 am
SHARE

തിരുവനന്തപുരം: പ്രധാനപ്പെട്ട എല്ലാ ക്രിമിനല്‍ കേസുകളുടെയും അന്വേഷണത്തില്‍ എസ് പിമാര്‍ മുതലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. പ്രധാന കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇവരുടെ സജീവ മേല്‍നോട്ടം ഉണ്ടാകണം. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ റിവ്യൂ മീറ്റിംഗിലാണ് സംസ്ഥാന പോലീസ് മേധാവി ഈ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികളെ വെറുതെ വിടുന്നത് ഉള്‍പ്പെടെ ക്രമിനല്‍ കേസുകളിന്‍മേലുള്ള പോലീസിനും സര്‍ക്കാരിനും എതിരാവുന്ന വിധികള്‍ക്കെതിരെ അപ്പീലോ, റിവ്യൂ പെറ്റിഷനോ കാലതാമസം കൂടാതെ നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് അതീവ സുരക്ഷ ഉറപ്പാക്കിയുള്ള പോലീസ് ടെക്‌നോളജി സെന്റര്‍ അരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശവും യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്തെ പൊതുവായ ക്രമസമാധാന നിലയും മറ്റു പോലീസ് പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുന്നതിനാണ് പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.
ഇന്റലിജന്‍സ് ഡയറക്ടര്‍ എ ഹേമചന്ദ്രന്‍, ട്രെയിനിങ് ഡിജിപി രാജേഷ് ദിവാന്‍, കോസ്റ്റല്‍ ഡിജിപി ബി.എസ്. മുഹമ്മദ് യാസിന്‍, എ ഡിജി പിമാരായ ആര്‍ ശ്രീലേഖ, സുധേഷ് കുമാര്‍, ഡോ.ബി സന്ധ്യ, നിതിന്‍ അഗര്‍വാള്‍, എസ് ആനന്ദകൃഷ്ണന്‍, റേഞ്ച് ഐജിമാര്‍ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.