മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ശബ്ദം

Posted on: July 29, 2016 6:00 am | Last updated: July 28, 2016 at 11:52 pm
SHARE

mahaswethaമഹാശ്വേതാദേവിയുടെ നിര്യാണം മൂലം ഇന്ത്യക്കും കേരളത്തിനും നഷ്ടപ്പെടുന്നത് നീതിക്കുവേണ്ടി ഉയര്‍ന്ന ഒരു ശബ്ദമാണ്.
കേരളത്തില്‍ അവര്‍ നടത്തിയ ശക്തമായ ഇടപെടലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി മൂലംമ്പള്ളിയില്‍ നിന്നടക്കം 316 കുടുംബങ്ങളെ കുടിയിറക്കിയതിനെതിരെ കേരളത്തിലെ മിക്ക സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദത പാലിക്കുന്നതിനെ അവര്‍ അതിശക്തമായി വിമര്‍ശിച്ചു. മൂലംമ്പള്ളിയിലെ കുടിയിറക്കപ്പെട്ടവരെ നേരില്‍ കണ്ട് അവരുടെ ദുരിതങ്ങളും വിവരിച്ച് കൊണ്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അവര്‍ തുറന്ന കത്തെഴുതി. അതിന് മറുപടിയായി കേവലം ഔദ്യോഗിക ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
നന്ദിഗ്രാമില്‍ സര്‍ക്കാര്‍ കുടിയിറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സംസ്ഥാനത്തെ എഴുത്തുകാരെയും സാംസ്‌കാരിക പ്രര്‍ത്തകരെയും ഒറ്റക്കെട്ടായി നിര്‍ത്തി കൊണ്ട് പ്രതികരിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നും കേരളത്തില്‍ മൂലംമ്പള്ളി സംഭവിച്ചട്ടും ബഹു പൂരിപക്ഷം സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദത പാലിച്ചതെന്തു കൊണ്ട് എന്നവര്‍ ചോദിച്ചു. ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
ചാലക്കുടി പുഴയെ നശിപ്പിക്കുന്ന അതിരപ്പള്ളി പദ്ധതിക്കെതിരെയും കാതിക്കുടം നിറ്റ ജെലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയും അവര്‍ ശക്തമായി പ്രതികരിച്ചു. കേരളത്തിലെ പൊക്കാളി പാടങ്ങളുടെ വിനാശം തടയണമെന്നാവശ്യപ്പെട്ടു എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ നടന്ന യോഗത്തില്‍ അവര്‍ പങ്കെടുത്തു. ടി പി ചന്ദ്രശേഖരനെ കൊല ചെയ്തതിനെ അവര്‍ ശക്തമായി അപലപിച്ചു. എന്നും പ്രകൃതിക്കും മണ്ണിനും വനത്തിനും മനുഷ്യനും അവരില്‍ തന്നെ ഏറ്റവും ദുര്‍ബലരായവര്‍ക്കും വേണ്ടി ഇനിയാശബ്ദം ഉയരില്ല.