Connect with us

Articles

ഏഴകള്‍ക്ക് വേണ്ടി വാദിച്ച എഴുത്തുകാരി

Published

|

Last Updated

ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സാഹിത്യകാരിയായിരുന്ന മഹാശ്വേതാ ദേവി. നാല് തലമുറകളുടെ അഭിരുചിയെ ആകര്‍ഷിച്ച എഴുത്ത്. ടാഗോറിന് ശേഷം ആ നാടിനെ ഇത്ര ആകര്‍ഷിച്ച എഴുത്ത് വേറെയുണ്ടോ എന്ന് സംശയം. എഴുത്ത് തന്നെയായിരുന്നു അവരുടെ ജീവിതവും. ജീവിതം തന്നെയായിരുന്നു എഴുത്തും. താന്‍ നില്‍ക്കുന്ന ഇടം അവര്‍ രചനകളിലൂടെ അടയാളപ്പെടുത്തി. തീഷ്ണമായ രാഷ്ട്രീയ ബോധം അവരെ ഇടതുപക്ഷത്തും പലപ്പോഴും തീവ്ര ഇടതുപക്ഷത്തും എത്തിച്ചു.
എഴുത്തുകാരിയായിരുന്നോ മഹാശ്വേതാ ദേവി? അതോ ആക്റ്റിവിസ്റ്റോ? അതല്ല സാമൂഹിക പ്രവര്‍ത്തകയായിരുന്നോ? അതുമല്ല, പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നോ അവര്‍? ഇങ്ങനെ ഏതെങ്കിലും കള്ളികളില്‍ അവരെ ഒതുക്കാനാകില്ല. ഈ വിശേഷണങ്ങളൊക്കെ ഒന്നിനൊന്ന് മെച്ചമെന്ന നിലയില്‍ അവര്‍ക്ക് ചേരും.
നിലപാടുകളുടെ പേരിലാണ് ബംഗാളിലെ ഇടതുപക്ഷത്തോട് പല ഘട്ടങ്ങളിലും അവര്‍ പിണങ്ങിയത്. ഒരു സഹയാത്രികയായി ഇടതുപക്ഷത്തോടൊപ്പം നിന്നതും അതുകൊണ്ട് തന്നെയായിരുന്നു. ഇടതുപക്ഷ സര്‍ക്കാറിന്റെ വ്യവസായിക നയങ്ങളെ എതിര്‍ക്കാന്‍ നന്ദിഗ്രാമും സിംഗൂരും തന്നെ അവര്‍ക്ക് മതിയായ കാരണമായി. അങ്ങനെ മമതാ ബാനര്‍ജിയെ പിന്തുണച്ചു കുറച്ചു കാലം. തൃണമൂല്‍ കോണ്‍ഗ്രസ് സമരങ്ങള്‍ക്ക് ദേവി നല്‍കിയ പിന്തുണ മമതാ ബാനര്‍ജിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കി. മമതയില്‍ ഏകാധിപത്യ ലാഞ്ചനകള്‍ ദര്‍ശിച്ചപ്പോള്‍ അവിടെയും കലഹമുണ്ടാക്കി. അങ്ങനെ സാഹിത്യ അക്കാദമി സ്ഥാനം രാജിവെച്ചിറങ്ങി. വ്യവസ്ഥകളെ മുറിച്ചുകടക്കാന്‍ എന്നും തിടുക്കും കൂട്ടിയ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയും ആയിരുന്നു അവര്‍.
ഇന്ത്യന്‍ അവസ്ഥയില്‍ അരികുവത്കരിക്കപ്പെട്ടവരുടെ രോദനങ്ങളായിരുന്നു അവരുടെ എന്നത്തെയും ശബ്ദം. ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, ഗ്രാമീണര്‍, ഗോത്രവര്‍ഗക്കാര്‍… ഇവരുടെ നാവാകാന്‍ ആ സാഹിത്യകാരിക്ക് കഴിഞ്ഞു. രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗങ്ങളേയും ദളിത് വിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു നിവൃത്തിയില്ലായിരുന്നു.
താന്‍ നിലകൊണ്ട പാവങ്ങളോട് താരതമ്യം പുലര്‍ത്തി അനാര്‍ഭാടമായ ജീവിതം നയിച്ചു. നക്‌സലേറ്റ് മുദ്ര പേറി കൊല്‍ക്കത്താ തെരുവുകളില്‍ യുവാക്കള്‍ മരിച്ചുവീണപ്പോള്‍ അവര്‍ വെറുതെയിരുന്നില്ല. സമരോത്സുകമായ ബംഗാളി മനസ്സിന്റെ പ്രതിഫലനമായിരുന്നു ആ എഴുത്തും ഇടപെടലുകളും. 1926ല്‍ ധാക്കയിലെ ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ധനികമായ കുടുംബ പശ്ചാത്തലത്തിന്റെ ആലസ്യത്തില്‍ അവര്‍ ഇടറി വീണില്ല. സമ്പന്നമായ ആ പശ്ചാത്തലം മറു ചോദ്യങ്ങളാണ് അവരിലുണര്‍ത്തിയത്.
സാഹിത്യ പശ്ചാത്തലമുള്ള കുടുംബമായിരുന്നു അത്. പിതാവ് മനീഷ് ഘട്ടക് കവിയും കഥാകൃത്തും. മാതാവ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ധരിത്രി ഘടക്ക്. ബംഗാളി എഴുത്തുകാരനായ നാബുരന്‍ ഭട്ടാചാര്യ മകന്‍. എല്ലാ നിലയിലും സാഹിത്യ മയം. ഇംഗ്ലീഷ് ഭാഷയില്‍ വിശ്വഭാരതി യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ദേവിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് കൊല്‍ക്കത്തയിലെ ബിജോയ്ഗ്രാഹ് കലാശാലയിലെ അധ്യാപികയായിട്ടായിരുന്നു.”ത്സാന്‍സി റാണി”യാണ് ആദ്യ കൃതി. ആദ്യരചന സ്വാതന്ത്ര്യസമരം ഇതിവൃത്തമായി. ഹജാര്‍ ചുരാസിര്‍ മാ, ബഷി ടുഡു, ആരണ്യേര്‍ അധികാര്‍, അഗ്‌നി ഗര്‍ഭ, ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, തിത്തു മിര്‍, ദ്രൗപതി, രുധാലി, ബ്യാധ്ഖണ്ടാ പ്രധാന കൃത്രികളാണ്. ഏറെക്കുറെ എല്ലാറ്റിലും നിറഞ്ഞ് നിന്നത് അധികാരികളുടേയും പ്രഭുക്കളുടെയും ക്രൂരതകളും അതിനിരയാകുന്ന ഏഴകളുടെ നിസ്സഹായ വിലാപങ്ങളും.
എഴുത്ത് അവര്‍ക്ക് ഒഴിവുവേളകളിലെ നേരമ്പോക്കായിരുന്നില്ല; അതുകൊണ്ട് തന്നെ പച്ച മനുഷ്യരുടെ ഉള്ളുലയ്ക്കുന്ന ജീവിതം തന്റെ സര്‍ഗാത്മകതക്ക് അവര്‍ ഇന്ധനമാക്കി. ബംഗാളിലെ ഗോത്രവര്‍ഗങ്ങളായ ലോധാസ്, ഷബാര്‍സ് എന്നീ വിഭാഗങ്ങളെകുറിച്ച് നടത്തിയ പഠനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കുള്ളിലുള്ള “വ്യത്യസ്ത ഇന്ത്യ”കളെക്കുറിച്ച് അവര്‍ രാജ്യത്തോടായി/ലോകത്തോടായി പറഞ്ഞുകൊണ്ടിരുന്നു. ഗോത്രവര്‍ഗക്കാരന്റെ ഇന്ത്യ, ദളിതന്റെ ഇന്ത്യ, ആദിവാസിയുടെ ഇന്ത്യ, കര്‍ഷകന്റെ ഇന്ത്യ, കുടിയൊഴിപ്പിക്കുന്നവന്റെ ഇന്ത്യ ഇതെല്ലാം മുഖ്യാധാരാ ഇന്ത്യയോട് മഹാശ്വേതാ ദേവിയുടെ കൃതികളില്‍ കയര്‍ത്തുകൊണ്ടിരുന്നു. അവരുടെ സമരങ്ങളില്‍ ക്ഷോഭിച്ചുകൊണ്ടിരുന്നു. അങ്ങനെ ആത്മഹത്യ ചെയ്യപ്പെടുന്നവന്റെ ഇന്ത്യ, ഭ്രഷ്ട്കല്‍പ്പിക്കപ്പെടുന്നവന്റെ ഇന്ത്യ, വെടിയേറ്റു മരിക്കുന്നവന്റെ ഇന്ത്യ എന്നും അധികാരികള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ ഇന്ത്യകളില്‍ നിന്ന് എത്ര വിദൂരമാണ്് ഭരണവര്‍ഗം പറയുന്ന ഇന്ത്യയെന്ന് അവര്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു.
മൂലംമ്പള്ളി, വല്ലാര്‍പാടം, അതിരപ്പിള്ളി, കാതികുടം നിറ്റ ജെലാറ്റിന്‍ തുടങ്ങി കേരളത്തിലെ നിരവധി വിഷയങ്ങളില്‍ അവര്‍ ഇടപെട്ടു. ഇവിടങ്ങളിലെല്ലാം അവര്‍ ഇരകള്‍ക്ക് വേണ്ടി വാദിച്ചു. ദേവിയുടെ “ദി വൈ വൈ ഗേള്‍” “എന്തിനെന്തിനു പെണ്‍കുട്ടി” എന്ന പേരില്‍ സക്കറിയും “ഹസാര്‍ ചൗരാസി കി മാ” നോവല്‍ “1048ന്റെ അമ്മ” എന്ന പേരില്‍ കെ അരവിന്ദാക്ഷനും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കേരളീയ പശ്ചാത്തലത്തില്‍ അവര്‍ക്ക് സി പി എം വിരുദ്ധതയുടെ പ്രതിനിധാനം മാത്രമായിരിക്കും ഉണ്ടാകുക. അങ്ങനെയുള്ള ഒരു പശ്ചാത്തലം സംഭവബഹുലമായ ആ വ്യക്തിത്വത്തോട് എത്രത്തോളം നീതി പുലര്‍ത്തും എന്ന് ആലോചിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest