തീവ്രവാദത്തിന്റെ ആദര്‍ശ പ്രതിനിധാനങ്ങള്‍

1920കളിലെ കേരളത്തിലെ ആരംഭം മുതല്‍ സലഫികള്‍ വാഴ്ത്തുന്നവരാണ് ഇപ്പോള്‍ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ സംഘടനകളുടെയും പ്രധാന ആശയസ്രോതസ്സും സ്വാധീനവും. ലോകത്തെ പല തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും നിദാനമായ ഇവരുടെ ചിന്താധാരകള്‍ 1970കള്‍ക്ക് ശേഷമല്ല കേരളത്തില്‍ എത്തിയതെന്ന് ഡോ. ഹുസൈന്‍ മടവൂരിന് അറിയാതിരിക്കില്ല. സലഫിസം യഥാര്‍ഥ നവോത്ഥാനത്തിന്റെ പക്ഷമാണെന്ന വ്യാഖ്യാനം നല്‍കി ചരിത്രത്തെ തെറ്റിദ്ധരിപ്പിച്ചവര്‍ക്ക് വര്‍ത്തമാനകാല സംഭവങ്ങള്‍ പാഠങ്ങള്‍ നല്‍കുന്നുണ്ട്.
Posted on: July 29, 2016 6:01 am | Last updated: July 28, 2016 at 11:49 pm
SHARE

ഇസ്‌ലാമിക ചരിത്രത്തെപ്പറ്റി വസ്തുതാപരമായ ഗവേഷണം നടത്തിയ പണ്ഡിതന്മാര്‍ക്ക് പഠനങ്ങള്‍ അനേകമുണ്ട ്. ചരിത്രത്തിലെ കറുത്ത അധ്യായം എന്ന നിലയില്‍ അവര്‍ അടയാളപ്പെടുത്തുന്നത് പാരമ്പര്യ പണ്ഡിതന്മാരുടെ ഇസ്‌ലാമിക വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായി നവീന ചിന്തകളുമായി ഉത്പതിഷ്ണു പ്രസ്ഥാനക്കാര്‍ നിലവില്‍ വന്നതിനെയാണ്. ഈയര്‍ഥത്തില്‍ ഉദയം ചെയ്ത് മതപരിഷ്‌കരണ പ്രസ്ഥാനാമായ സലഫിസത്തെ സൂഷ്മായി അടയാളപ്പെടുത്തുന്നൊരു പുസ്തകമാണ് റോയല്‍ മെയ്ജര്‍ എഡിറ്റ് ചെയ്ത Global Salafism: Islam’s new religious movement.
ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ സലഫി പ്രസ്ഥാനത്തിന്റെ ആശയധാര രൂപപ്പെടുന്നതിനെ പറ്റി റോയല്‍ മെയ്ജന്‍ വിവരിക്കുന്നതിന്റെ സംഗ്രഹമിങ്ങനെയാണ് : ഖുര്‍ആനിനെയും ഹദീസിനെയും മാത്രം അവലംബമാക്കുന്ന വരാണ് എന്നവകാശപ്പെട്ടു തഖ്ലീദിനെയും ഇജ്തിഹാദിനെയും നിഷേധിക്കുക എന്നതാണ് സലഫികളുടെ രീതി. ഇസ്‌ലാമിക അധ്യാത്മിക ദര്‍ശനങ്ങളെയും പുണ്യാത്മക്കളെയും തിരസ്‌കരിക്കുന്ന ചിന്താധാരയായിരുന്നു ഇത്.
കേരളീയ സാഹചര്യത്തില്‍ ചിലരുടെ തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ഏത് തരം ആശയങ്ങളാണ് ഇത്തരം അപ്രത്യക്ഷമാവലുകള്‍ക്കും തീവ്രവാദ ആശയങ്ങള്‍ക്കും വെള്ളവും വളവും നല്‍കുന്നുവെന്നതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും തെളിവുകളേറെയുണ്ട്. പ്രിന്‍ഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. കോള്‍ ബാന്‍സലിന്റെ From paper state to caliphate, The ideology of the Islamic state എന്നൊരു പ്രബന്ധമുണ്ട്. ഭീകരതയുടെ ആശയങ്ങിലേക്ക് മതവിശ്വാസികളെ കൊണ്ടുചെന്നെത്തിച്ച, ഇസ്‌ലാമിനകത്ത് പിന്‍കാലത്ത് കടന്നുവന്ന ആശയധാരകളെ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
1928ല്‍ ഹസനുല്‍ ബന്ന രൂപംകൊടുത്ത മുസ്‌ലിം ബ്രദര്‍ഹുഡും അതിനുമുമ്പേ ഉള്ള ‘സലഫി’കളും വികസിപ്പിച്ച, പാരമ്പര്യ ഇസ്‌ലാമിന്റെ വിശുദ്ധിയില്‍ നിന്ന് വിമോചിതമായ ദര്‍ശനങ്ങളാണ് അപകടകരമായ ആശയങ്ങളിലേക്ക് മുസ്‌ലിംകളിലെ ഒരു ന്യൂനപക്ഷത്തെയെത്തിച്ചത് എന്നാണവര്‍ പറയുന്നത്. പരമ്പരാഗതമായി മുസ്ലിം ലോകം അനുഷ്ഠിച്ച് പോന്ന പല ആചാരങ്ങളെയും അവിശ്വാസത്തിന്റെയും ബഹുദൈവാരാധനയുടെയും കളത്തിലാക്കി തൗഹീദി(ഏകദൈവത്വം)നെയും ‘ശിര്‍ക്കി(ബഹുദൈവത്വം)നെയും വ്യാഖ്യാനിക്കുകയായിരുന്നു സലഫികള്‍. അങ്ങനെയാണ് മഖ്ബറകള്‍ തകര്‍ക്കുന്നതും ഇസ്‌ലാമിന്റെ സ്വതസിദ്ധമായ ആധ്യാത്മിക സ്വഭാവങ്ങളെ ഇവര്‍ നിരാകരിക്കുന്നതും. ബ്രദര്‍ബുഡാകട്ടെ, ഉസ്മാനിയ ഖിലാഫത്തിന്റെ ശൈഥില്യം മുസ്‌ലിം ലോകത്ത് സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തിയാണ് രംഗത്ത് വന്നത്. ഇസ്ലാമിലെ സൂഫി വിഭാഗങ്ങളോട് ശത്രുതാപരമായ നിലപാടായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇസ്‌ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന ആശയം രൂപവത്കരിച്ച് അതിലേക്ക് തെറ്റായ സഞ്ചാരങ്ങള്‍ നടത്തിയ ബ്രദര്‍ഹുഡിന്റെ വഴിപാതകളും മുസ്‌ലിംകളെ യഥാര്‍ഥ ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ അകറ്റുന്നതിന് നിമിത്തമാണ്.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ വഴിയില്‍ തന്നെയാണ് അബ്ദുല്‍ അഅ്ലാ മൗദൂദിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമിയും പിറവിയെടുക്കുന്നത്. രണ്ട് സംഘടനകളും മുന്നോട്ട് വെച്ച ആശയങ്ങള്‍ സമാനതകളുണ്ടായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയപരവും സംഘടനാപരവുമായ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച സയ്യിദ് ഖുതുബിന്റെ രചനകളെ മൗദൂദിയന്‍ ആശയങ്ങളും ഖുതുബിന്റെ നിലപാടുകള്‍ മൗദൂദിയന്‍ ദര്‍ശനങ്ങളെയും സ്വാധീനിച്ചതിന് തെളിവുകള്‍ അനേകമുണ്ട്. 1903 മുതല്‍ 1979 വരെയാണ് മൗദൂദി ജീവിക്കുന്നത്. ഖുതുബാവട്ടെ 1906 മുതല്‍ 1966 വരെയും. മൗദൂദിയന്‍ തെറ്റായ വ്യാഖ്യാനങ്ങളോടെ പരാമര്‍ശിക്കപ്പെട്ട ജാഹിലിയ്യ ഹാകിമിയ്യ, ദൗല, ജിഹാദ് എന്നീ പദങ്ങള്‍ സമാനാര്‍ഥത്തില്‍ ഖുതുബിന്റെ രചനകളില്‍ തെളിഞ്ഞ് കാണാം. മൗദൂദി ഉര്‍ദുവില്‍ എഴുതിയ രചനകള്‍ ഇംഗ്ലീഷിലേക്കും അറബിയിലേക്കും വിവര്‍ത്തനം ചെയ്ത് ലോകത്തിന്റെ പലഭാഗത്തും 1950കളില്‍ പ്രചരിപ്പിച്ചിരുന്നു. അങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളാണ് ഇസ്‌ലാമും ജിഹാദും, ഇസ്‌ലാമും ജാഹിലിയാത്തും, ഇസ്‌ലാമിക ഖിലാഫത്തിന്റെ നിയമങ്ങള്‍. ഈ ഗ്രന്ഥങ്ങളെല്ലാം ഖുതുബിന് ലഭിക്കുകയും ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ക്ക് സമാനമായ നിലയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന മൗദൂദിയില്‍ അദ്ദേഹം ആകൃഷ്ടനാകുകയും ചെയ് തു. അതുകൊണ്ട് തന്നെ 1950ന് ശേഷം രചിക്കപ്പെട്ട ഖുതുബിന്റെ കൃതികളില്‍ മൗദൂദിയുടെ പുസ്തക ശകലങ്ങള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നു. പ്രത്യേകിച്ച്, ‘ഫീളിലാലില്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍.
തീവ്ര ഇസ്‌ലാമിസത്തിന്റെ ആശയധാരകളെ പരാമര്‍ശിക്കുമ്പോള്‍ സയ്യിദ് ഖുതുബും മൗദൂദിയും അതിനാല്‍ പല പഠനങ്ങളിലും പ്രത്യക്ഷപ്പെടുന്നത് കാണാം. Virginia murraybps The power of Ideas : sayyid kutb and islamism എന്ന പഠനത്തില്‍ അല്‍ ഖാഇദയുടെയും മറ്റു ഭീകരപ്രസ്ഥാനങ്ങളെയും തൂപവത്കരണത്തിലേക്ക് നയിച്ച ഖുതുബിന്റെ ദര്‍ശനങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. ഇര്‍ഫാന്‍ അഹ്മദിന്റെ Islamism and Democracy in india എന്ന നരവംശ ശാസ്ത്ര പഠനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ മുസ ്ലിംകളെ അപകടകരമായ ആശയങ്ങളിലേക്ക് എത്തിച്ചെന്ന് വിവരിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് ഇര്‍ഫാന്‍ അഹ്മദിന്റേത്.
സലഫിസത്തിന്റെ ഹിംസാത്മകത തുടങ്ങുന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ രംഗപ്രേവശനം ചെയ്തതുമുതലാണ്. സലഫി ആശയധാരയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചിലര്‍ വാദിക്കുന്ന പോലെ, അത് 1970കള്‍ക്ക് ശേഷം തുടങ്ങിയ പ്രതിഭാസമല്ല അത്.
ഓന്‍ട്രജ് ബെറാനകിന്റെ From visiting graves to their restrictions എന്ന ലഘുപഠനത്തില്‍ പാരമ്പര്യ ഉലമാക്കളുടെ വീക്ഷണങ്ങളെ ധിക്കരിച്ച് സ്വയം കണ്ടെത്തലുകള്‍ക്കനുസരിച്ച് മത വ്യാഖ്യാനം നടത്തിയ സലഫികള്‍ ഇസ്‌ലാമിക ചരിത്രത്തോടും സംസ്‌കാരത്തോടും ചെയ്ത കൊടുംക്രൂരതകളെ വിശദമാക്കുന്നുണ്ട്. 1994ല്‍ യമനില്‍ നടത്തിയ സായുധ അക്രമണത്തിലൂടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ബറകള്‍ ശിഥിലമാക്കിയ സംഭവത്തെ അദ്ദേഹം ഉദാഹരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രതിമകള്‍ മാത്രമല്ല, എണ്ണമറ്റ സൂഫീ മഖ്ബറകളും ശിഥിലമാക്കിയതും മാലിയിലെ തിമ്പുക്തുവിന്റെ പ്രസന്നമായ ഇസ്‌ലാമിക പൈതൃകത്തെ നശിപ്പിച്ചതും സലഫികള്‍ തന്നെയായിരുന്നു.
സലഫിസത്തിനു ആശയപരമായ അടിത്തറ നല്‍കിയവരുടെ സംഭാവനകള്‍ കേരളത്തിലെ സലഫി പ്രസ്ഥാനങ്ങള്‍ നിരാകരിക്കുമോ? 1920കളിലെ കേരളത്തിലെ ആരംഭം മുതല്‍ സലഫികള്‍ വാഴ്ത്തുന്നവരാണ് ഇപ്പോള്‍ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ സംഘടനകളുടെയും പ്രധാന ആശയസ്രോതസ്സും സ്വാധീനവും. ലോകത്തെ പല തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും നിദാനമായ ഇവരുടെ ചിന്താധാരകള്‍ 1970കള്‍ക്ക് ശേഷമല്ല കേരളത്തില്‍ എത്തിയതെന്ന് ഡോ. ഹുസൈന്‍ മടവൂരിന് അറിയാതിരിക്കില്ല. സലഫിസം യഥാര്‍ഥ നവോത്ഥാനത്തിന്റെ പക്ഷമാണെന്ന വ്യാഖ്യാനം നല്‍കി ചരിത്രത്തെ തെറ്റിദ്ധരിപ്പിച്ചവര്‍ക്ക് വര്‍ത്തമാന കാല സംഭവങ്ങള്‍ പാഠങ്ങള്‍ നല്‍കുന്നുണ്ട്.
കേരളത്തിലെ സലഫികള്‍ ആനുഭവിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അസ്വസ്ഥമാക്കുന്നത് മൗദൂദികളെ കൂടിയാണ്. മത ഭീകരതയുടെ ചരിത്രവസ്തുതകളില്‍ നിന്ന് പഠിക്കുന്ന ഏതൊരാള്‍ക്കും സലഫി-മൗദൂദി പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ രക്തപങ്കിലമായ ഭൂതകാലത്തെ സ്പര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. തങ്ങള്‍ അകപ്പെട്ട ഈ മാരക ഗര്‍ത്തത്തില്‍ നിന്ന് കര കയറണമെങ്കില്‍ മതപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉപേക്ഷിക്കേണ്ടത് വികലമായ അടിത്തറയെയാണ്. ഇസ്‌ലാമിക പാരമ്പര്യ പാതയില്‍ സഞ്ചരിക്കുന്ന സുന്നികളുടെ ബഹുസ്വരതയുടെ സഹിഷ്ണുതയുടെയും മഹാദര്‍ശനങ്ങളെ പൊതു സമൂഹത്തിന് പരിചയപ്പെടുത്താനുള്ള ഒരു സന്ദര്‍ഭം കൂടിയാണ് പുതിയ വിവാദങ്ങള്‍.
ലോക പ്രശസ്ത സുന്നി പണ്ഡിതനായിരുന്ന ഡോ.സഈദ് റമളാന്‍ ബൂത്വി നിനവുകളില്‍ നിറയുന്നു. 2013 മാര്‍ച്ച് 21നാണ് സിറിയന്‍ പണ്ഡിതനായ ബൂത്വി കൊല്ലപ്പെടുന്നത്. ഇസ്‌ലാമിനെ വികലമാക്കുന്ന സലഫി- ബ്രദര്‍ഹുഡ് ദര്‍ശനങ്ങളെ മതപരമായ ആഴത്തിലുള്ള അറിവ് കൊണ്ട് നിരന്തരം പ്രതിരോധിച്ച പണ്ഡിതനായിരുന്നു ബൂത്വി. പാരമ്പര്യ ഇസ്‌ലാമിന്റെ സവിശേഷതയും മനോഹാരിതയും തുറന്നുകാട്ടി അദ്ദേഹം രചിച്ച രചനകള്‍ അനേകമുണ്ട്. ലാ മദ് ഹബിയ്യ(മദ് ഹബ് നിരാസം) അതിലൊന്നാണ്. ഇസ ്ലാമിലെ മദ് ഹബ് സംവിധാനത്തെ നിഷേധാത്മകമായി കാണുന്ന അല്‍ബാനിയുടെ വാദങ്ങള്‍ക്കുള്ള പ്രാമാണികമായ ഖന്ധനമാണ് ഈ കൃതി. ഇജ്തിഹാദും തഖ്ലീദും ഇസ ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനമാണെന്നും അതിനെ നിരാകരിച്ച് മതത്തെ സ്വയം വ്യാഖ്യാനിക്കാനും വായിക്കാനും പുറപ്പെട്ടതാണ് മുസ്‌ലിംകളില്‍ ചിലരെ അപകടകരമായ ആശയങ്ങളിലേക്ക് നയിച്ചതെന്നും ബൂത്വി പറയുമായിരുന്നു. ജിഹാദിനെ പറ്റിയുള്ള ബൂത്വിയുടെ ഗ്രന്ഥം, ജിഹാദിനെ തെറ്റായി അവതരിപ്പിച്ച ബ്രദര്‍ഹുഡിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ശരിയുടെ പക്ഷത്ത് നിന്ന് തിരുത്തുന്നുണ്ട്.
മതത്തെ തങ്ങളുടെ സങ്കുചിത ചിന്തകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ഉത്പതിഷ്ണുക്കള്‍ പാരമ്പര്യ ഇസ്‌ലാമിന്റെ ദര്‍ശനങ്ങളിലേക്ക് തിരിഞ്ഞു നടക്കും വരെ പ്രതിസന്ധികളില്‍ നിന്ന് വിമോചിതമാകില്ല എന്ന് തീര്‍ച്ചയാണ്. സുന്നി പണ്ഡിതര്‍ ജാഗ്രതയോടെ സമീപിക്കേണ്ട ഒരു ഘട്ടം കൂടിയാണിത്. സിറിയയിലെ പള്ളിയില്‍ ഖുര്‍ആന്‍ വെച്ച് ആയിരങ്ങള്‍ക്ക് ക്ലാസെടുക്കുമ്പോഴാണ് പാരമ്പര്യ ഇസ്‌ലാമിനെപ്പറ്റി നിരന്തരം സംസാരിച്ച ബൂത്വി കൊല്ലപ്പെട്ടത്. മതത്തെ വികലമായി വായിക്കുന്നവര്‍ക്ക് ബൂത്വിയുടെ പക്ഷത്ത് നില്‍ക്കുന്നവരൊക്കെ കൊല്ലപ്പെടേണ്ടവരാവുമല്ലോ?