Connect with us

National

രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. അടുത്ത മാസം മൂന്നിന് നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് രാജ്‌നാഥ് സിംഗ് പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലത്തെുന്നത്. പഠാന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ഭരണാധികാരി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. കാശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പാക് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
കാശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന അന്താരാഷ്ട്ര വേദി എന്ന നിലയിലായിരിക്കും ഇന്ത്യ സാര്‍ക് സമ്മേളനത്തെ ഉപയോഗിക്കുക. ഇന്ത്യയിലെ തീവ്രവാദ ശ്രമങ്ങളെ പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശവും ഇന്ത്യ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദത്തെ ചെറുക്കാന്‍ സാര്‍ക് രാജ്യങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉച്ചകോടിയില്‍ രാജ്‌നാഥ് സിംഗ് മുന്നോട്ടുവെക്കും.
ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെ ബാധിച്ചിരുന്നു. ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കാശ്മീരിലുണ്ടായ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാനിയെ വധിച്ചതിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ശരീഫും രംഗത്തെത്തിയിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ കരിദിനം ആചരിക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്‌നാഥ് സിംഗ് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇതോടൊപ്പം ത്രിതല ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടക്കും. 2014ല്‍ നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു അവസാന സാര്‍ക് ഉച്ചകോടി നടന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest