അപകീര്‍ത്തി നിയമം രാഷ്ട്രീയ ആയുധമാക്കരുത്: സുപ്രീം കോടതി

Posted on: July 29, 2016 6:00 am | Last updated: July 28, 2016 at 11:45 pm
SHARE

supreme court1ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള ആയുധമായി അപകീര്‍ത്തി നിയമത്തെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ അഴിതി പോലുള്ള വിമര്‍ശങ്ങള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് സുപ്രീം കോടതി നിര്‍ദേശം. വിജയ്കാന്തിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിനെതിരെയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചത്. ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്.
പൗര സ്വാതന്ത്ര്യത്തിനെതിരായ നടപടികളാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡി എം ഡി കെ അധ്യക്ഷന്‍ ക്യാപ്റ്റന്‍ വിജയകാന്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. സര്‍ക്കാറിനെതിരെ വിമര്‍ശം ഉന്നയിക്കുന്ന നിയമസഭാ സാമാജികര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തെയാണ് തടസ്സപ്പെടുത്തുന്നത്. വിമര്‍ശങ്ങളോട് സഹിഷ്ണുത കാട്ടണം. ജയലളിത സര്‍ക്കാര്‍ നിരവധി അപകീര്‍ത്തി കേസുകളാണ് നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ഇതോടൊപ്പം നിയമസഭാ സാമാജികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത അപകീര്‍ത്തി കേസുകളെക്കുറിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സമ്മേളനത്തിലെ പരാമര്‍ശത്തെ തുടര്‍ന്ന് വിജയകാന്തിനും ഭാര്യ പ്രേമലതക്കുമെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുത്തിരുന്നു. ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഹരജിക്കാരില്‍ ഒരാളായിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ക്രിമിനല്‍ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും ഹരജി നല്‍കിയിട്ടുണ്ട്.