Connect with us

National

വിദ്യാഭ്യാസ നയം: കേന്ദ്രമന്ത്രി ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയ രൂപവത്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയ രൂപവത്കരണത്തിന് മുന്നോടിയായായി നടത്തിയ ചര്‍ച്ച ആറ് മണിക്കൂറിലേറെ നീണ്ടു. ആര്‍ എസ് എസിനു പുറമേ ഇതര സംഘ്പരിവാര്‍ അനുകൂല സംഘടനകളുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയത, പാരമ്പര്യം, ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവക്കൊപ്പം സംഘപരിവാര്‍ ആശയങ്ങളും വിദ്യാഭ്യാസ നയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. അതേസമയം, വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങളും നവീകരണവും സംബന്ധിച്ച് താഴെ തട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സ്മൃതി ഇറാനിയില്‍ നിന്ന് മാനവവിഭവ ശേഷി വകുപ്പ് ഏറ്റെടുത്ത പ്രകാശ് ജാവേദ്ക്കര്‍ക്ക് കൈമാറുകയാണ് കൂടിക്കാഴ്ചയില്‍ നടന്നതെന്നാണ് ആര്‍ എസ് എസിന്റെ പ്രതികരണം.
വിദ്യാ ഭാരതി, എ ബി വി പി, രാഷ്ട്രീയ ശൈശിക് മാഹാസംഘ്, ഭാരതിയ ശിക്ഷന്‍ മണ്ഡല്‍, സാന്‍സ്‌കൃത് ഭാരതി, ശിക്ഷ ബച്ചാവോ ആന്ദോളന്‍, വിഗ്യാന്‍ ഭാരതി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ആര്‍ എസ് എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാല്‍, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, അനിരുദ്ധ ദേശ്പാണ്ഡെ, തുടങ്ങിയവരും സന്നിഹിതരായി. അതേസമയം കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ പ്രകാശ് ജാവേദ്ക്കര്‍ തയ്യാറായിട്ടില്ല.വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ ഹിന്ദിയിലേക്കും ഇതര ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണമെന്നും അതുവഴി വലിയ വിഭാഗം ആളുകള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങള്‍ നല്‍കാനാകുമെന്നും പ്രതിനിധികള്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ സംഘടാ ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും ജാവേദ്ക്കര്‍ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചുമാണ് ചര്‍ച്ച നടന്നത് എന്നാണ് ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നത്.