താന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായിട്ടില്ലെന്ന് ആയിഷ

Posted on: July 28, 2016 11:59 pm | Last updated: July 29, 2016 at 12:28 pm
SHARE

ayisha--(aparna)മഞ്ചേരി: തന്നെ ആരും നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതല്ലെന്ന് അപര്‍ണ എന്ന ആയിഷ. ഇക്കഴിഞ്ഞ ദിവസം അപര്‍ണയുടെ മാതാവ് തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയും ആര്‍മി ഉദ്യോഗസ്ഥയുമായ മിനി വിജയന്‍ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്നാരോപിച്ച് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാല്‍ താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായിരുന്നുവെന്നും എറണാകുളം ജുവല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായിരുന്ന താന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് മതപരിവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയത്.
ആദ്യം കോഴിക്കോട് മുഖദാര്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയില്‍ നിന്നാണ് മത വിദ്യാഭ്യാസം നടത്തിയത്. അതിനു ശേഷം കൂടുതല്‍ മതപഠനത്തിനായി മഞ്ചേരി സത്യസരണിയില്‍ എത്തുകയായിരുന്നു. അപര്‍ണയുടെ തിരോധാനത്തെ തുടര്‍ന്ന് മാതാവ് മിനി വിജയന്‍ രണ്ടു തവണ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. രണ്ടു തവണയും ഹൈക്കോടതിയില്‍ ഹാജരായ അപര്‍ണ വിജയന്‍ തന്നെ ആരും തടഞ്ഞു വെച്ചിട്ടില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി സതീദേവി, പി കെ സൈനബ എന്നിവര്‍ ഇക്കഴിഞ്ഞ ജൂലൈ 19ന് സ്ഥാപനത്തിലെത്തി അപര്‍ണയുമായി കൂടികാഴ്ച നടത്തിയിരുന്നു.
അമ്മയുമായി മിക്ക ദിവസങ്ങളിലും ഫോണില്‍ സംസാരിക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു. 1994 മുതല്‍ മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റിനെ കുറിച്ചുണ്ടായികൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ചെയര്‍മാന്‍ ടി അബ്ദുല്‍ റഹിമാന്‍ ബാഖവി പറഞ്ഞു. നാളിതുവരെ ഒരാളെ പോലും സ്ഥാപനത്തില്‍ നിര്‍ബ്ബന്ധ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ശരാശരി 30 പേര്‍ ഇവിടെ മതപഠനത്തിനെത്തുന്നു. രണ്ടു മാസത്തെ പഠനത്തിന് ശേഷം ഇവര്‍ തിരിച്ചു പോകുന്നു. ഇതിന് പ്രത്യേകിച്ച് ഫീസ് വാങ്ങുന്നില്ലെന്ന് മാത്രമല്ല വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ സൗജന്യമായി നല്‍കി വരുന്നുണ്ട്.
നിലമ്പൂര്‍ മരുത സ്വദേശിയായ കെ ശ്രീകാന്ത് 2015 സെപ്തംബര്‍ 21ന് സ്ഥാപനത്തില്‍ പ്രവേശനം നേടിയിരുന്നു. മകനെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിനാല്‍ ശ്രീകാന്ത് സെപ്തംബര്‍ 23ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാകുകയും 26ന് തിരിച്ചെത്തുകയുമായിരുന്നു. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡിസംബര്‍ ഒന്നിനാണ് ശ്രീകാന്ത് സ്ഥാപനം വിട്ടത്. ഈ കാലയളവിലൊന്നും സ്ഥാപനത്തെ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാതിരുന്ന ശ്രീകാന്ത് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് വരുന്നതിന് പിന്നില്‍ സംഘ് പരിവാര്‍ കേന്ദ്രങ്ങളാണെന്നും സെക്രട്ടറി പി പി റഫീഖ്, മാനേജര്‍ മുഹമ്മദ് റാഫി എന്നിവര്‍ പറഞ്ഞു.