വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കും: മന്ത്രി രവീന്ദ്രനാഥ്

Posted on: July 28, 2016 11:40 pm | Last updated: July 28, 2016 at 11:40 pm
SHARE

raveendranകുന്ദമംഗലം: വികസിത രാജ്യങ്ങള്‍ക്ക് സമാനമായ നിലയില്‍ കേരളത്തിലെ വിദ്യഭ്യാസ രംഗത്തെ ആധുനികവത്കരിക്കുമെന്നും മൂല്യാധിഷ്ഠിത വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുമെന്നും വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് കാര്‍ഷിക വ്യവസ്ഥിതിയുമായും പാരിസ്ഥിതിക സംരക്ഷണവുമായും വിദ്യാര്‍ത്ഥികളെ അടുപ്പിക്കുന്ന പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് രൂപം നല്‍കും. കാമ്പസുകള്‍ ജൈവ വത്കരിക്കുകയും മാനുഷിക മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യും. പുതിയ ബജറ്റില്‍ വിദ്യഭ്യാസത്തിന്റെ വികസനത്തിന് വേണ്ടി 2000 കോടി രൂപ ഗവണ്‍മെന്റ് ചിലവഴിക്കാനുദ്ദേശിക്കുന്നു. അതില്‍ അഞ്ഞൂറ് കോടിയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഹൈടെക് വത്കരണം ലക്ഷ്യമാക്കിയാണ്. എട്ട് മുതല്‍ പ്ലസ്ടുവരെ ക്ലാസുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രഥമ ഘട്ടത്തില്‍ മര്‍കസ് സ്‌കൂളിനെ ഉള്‍പ്പെടുത്തിയതായും മന്ത്രി പ്രസ്താവിച്ചു.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എല്‍ എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി മുഹമ്മദ് ഫൈസി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ അബ്ദുസ്സലാം, എന്‍ അബ്ദുറഹ്മാന്‍, വിനോദ് പടനിലം, ബശീര്‍ പടാളിയില്‍, ഡോ ഹാറൂന്‍ മന്‍സൂരി, അമീര്‍ ഹസന്‍ പ്രസംഗിച്ചു.