Connect with us

Gulf

800 ദിര്‍ഹം കൂലിക്ക് മയക്കുമരുന്ന് കടത്തിയ യുവാവിന് 15 വര്‍ഷം തടവ്‌

Published

|

Last Updated

ദുബൈ: 384 ഗ്രാം ഹെറോയിന്‍. കടത്തുകൂലി 800 ദിര്‍ഹം. വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവാവിനെ കാത്തിരിക്കുന്നത് 15 വര്‍ഷം തടവും അര ലക്ഷം ദിര്‍ഹം പിഴയും. ചുളുവില്‍ പണമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച് ജീവിതം തകര്‍ന്ന ഹതഭാഗ്യന്‍ പാക്കിസ്ഥാനി യുവാവാണ് നടപടികള്‍ നേരിടുന്നത്.
അടുത്ത മാസം 18ന് കേസിന്റെ അന്തിമ വിധി പ്രഖ്യാപനമുണ്ടാകും. ദുബൈയിലുള്ള ഒരാള്‍ക്ക് കൊടുക്കാന്‍ സ്വദേശത്തു നിന്ന് ഏല്‍പിച്ച ഹെറോയിനാണ് ദുബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്കിടെ പിടിക്കപ്പെട്ടത്. ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ പ്രത്യേക പ്ലാസ്റ്റിക് പൊതിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. 384.12 തൂക്കമുണ്ടായിരുന്ന ഇത് ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ യുവാവിന് കരാറാക്കിയിരുന്നതാവട്ടെ 800 ദിര്‍ഹവും.
ദുബൈ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവാവിനെ അധികൃതര്‍ പ്രോസിക്യൂഷന് കൈമാറി. വിചാരണക്കിടെ, തന്നെ ഏല്‍പിച്ച ഗുളികകള്‍ ലഹരി വസ്തുവാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രതി നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 10 മുതല്‍ 15 വര്‍ഷം വരെ തടവും അര ലക്ഷം മുതല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴയും വിധിക്കാന്‍ മാത്രം ഗൗരവമുള്ളതാണ് പ്രതിക്കെതിരെയുള്ള കുറ്റമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിചാരണ പൂര്‍ത്തിയായ കേസില്‍ കോടതി അടുത്ത മാസം 18ന് അന്തിമ വിധി പറയും.

Latest