Connect with us

Gulf

10 ഡിഗ്രി കുറഞ്ഞ ചൂടില്‍ ജബല്‍ ജൈസ്; ആശ്വാസം തേടി ജനസഞ്ചയം

Published

|

Last Updated

റാക് ടി ഡി എ. സി ഇ ഒ ഹൈതം മതര്‍ ജബല്‍ ജൈസില്‍

റാസല്‍ ഖൈമ: രാജ്യത്ത് മറ്റെവിടെയും അനുഭവപ്പെടുന്നതില്‍നിന്ന് 10 ഡിഗ്രി കുറവ് ചൂട് രേഖപ്പെടുത്തി റാസല്‍ ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് ശ്രദ്ധേയമാകുന്നു. രാജ്യം അനുഭവിക്കുന്ന കൊടും ചൂടില്‍നിന്ന് ആശ്വാ സം തേടി സ്വദേശികളും വിദേശികളും വിനോദസഞ്ചാരികളും ജബല്‍ ജൈസിലേക്ക് കൂട്ടമായെത്തുകയാണ്. യു എ ഇയില്‍ മറ്റെവിടെയും അനുഭവപ്പെടുന്നതിനേക്കാള്‍ 10 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് ഇവിടം അനുഭവപ്പെടുന്നത്. സമുദ്ര നിരപ്പില്‍നിന്ന് 1934 മീറ്റര്‍ ഉയരമുള്ള ജബല്‍ ജൈസ് മലനിരകള്‍ വിനോദ സഞ്ചാരികള്‍ക്ക് ചൂടില്‍നിന്ന് രക്ഷ നേടാനുള്ള ഇഷ്ടകേന്ദ്രമായി മാറുകയാണ്.
കഴിഞ്ഞ വാരത്തില്‍ രാജ്യത്തിന്റെ വിവിധ പ്രധാന കേന്ദ്രങ്ങളില്‍ 43 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജബല്‍ ജൈസ് പര്‍വത നിരകളില്‍ ഈ കാലയളവില്‍ പകല്‍ സമയത്ത് 31 ഡിഗ്രിയും രാത്രികാലങ്ങളില്‍ 27 ഡിഗ്രിയുമാണ് ചൂട് രേഖപ്പെടുത്തിയത്. യു എ ഇയുടെ ഇതര ഭാഗങ്ങളില്‍ സന്ദര്‍ശകരും താമസക്കാരും ചൂടില്‍നിന്ന് രക്ഷ നേടാന്‍ വീടിനുള്ളില്‍തന്നെ വിനോദങ്ങളില്‍ ഏര്‍പെട്ടുവെങ്കില്‍ താഴ്ന്ന താപനിലയുടെ സുഖശീതളിമയില്‍ പ്രകൃതിയിലെ കാഴ്ചയുടെ വസന്തമൊരുക്കി വിനോദ സഞ്ചാരികളെയും യു എ ഇയിലെ താമസക്കാരെയും ജബല്‍ ജൈസ് ആകര്‍ഷിച്ചിരുന്നു.
യു എ ഇയിലെതന്നെ ഏറ്റവും ഉയരം കൂടിയ ഇവിടം നേരത്തെതന്നെ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്. റാസല്‍ ഖൈമ ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി (റാക് ടി ഡി എ) വിപുലമായ സൗകര്യങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
രാത്രികാലങ്ങളില്‍ സാഹസിക യാത്രകള്‍ക്കും കാമ്പിംഗിനും ഇഷ്ടപ്പെടുന്നവര്‍ക്ക് താരകങ്ങള്‍ വിരിഞ്ഞ ആകാശച്ചുവട്ടില്‍ രാത്രികാലത്ത് മലനിര മടക്കുകളില്‍ താമസിക്കുവാനുള്ള സൗകര്യങ്ങളും അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ജി സി സി ഹൈക്കിംഗ് ചലഞ്ച്, റാസല്‍ ഖൈമ മൗണ്ടൈന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ വിവിധങ്ങളായ സാഹസിക മത്സരങ്ങളും മലനിരകളില്‍ നടക്കാറുണ്ട്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളൊരുക്കി അതിഥികള്‍ക്കായി വിവിധ പാക്കേജസുകളുമായി റാസല്‍ ഖൈമയിലെ മുന്‍നിര ഹോട്ടലുകളും രംഗത്തുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.