Connect with us

Gulf

ടെലികോം മേഖലയുടെ വരുമാനം 10 ബില്യന്‍ റിയാല്‍ കടന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ ടെലികോം മേഖലയുടെ വരുമാനം 10 ബില്യന്‍ ഖത്വര്‍ റിയാല്‍ കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ പ്രതിവര്‍ഷ വളര്‍ച്ച 6.44 ശതമാനമാണെന്നും കമ്മ്യൂനിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ടെലികോം സേവന ദാതാക്കളായ ഉരീദുവിന്റെയും വോഡാഫോണിന്റെയും സംയുക്ത വരുമാനം കഴിഞ്ഞ വര്‍ഷം 10.06 ബില്യന്‍ ഖത്വര്‍ റിയാല്‍ ആയിരുന്നു. 2014ല്‍ ഇത് 9.45 ബില്യന്‍ റിയാല്‍ ആയിരുന്നു. അതേസമയം മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും ഉരീദുവിന്റെതാണ്; 78.46 ശതമാനം. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ടെലികോം മേഖല വളരുകയാണെങ്കിലും 2008ന് ശേഷം കഴിഞ്ഞ വര്‍ഷം ആദ്യമായി വോഡാഫാണിന്റെ വരുമാനം 2.30 ബില്യന്‍ റിയാലില്‍ നിന്ന് 2.16 ബില്യന്‍ റിയാല്‍ ആയി കുറഞ്ഞു. ഇരുകമ്പനികളുടെയും മൊബൈല്‍ വരിക്കാരുടെ എണ്ണവും കുത്തനെ കൂടുകയാണ്. വോഡാഫോണിന്റെ വരിക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 15 ലക്ഷം ആയി. 2009ല്‍ ഇത് 15400 ആയിരുന്നു. ഉരീദുവിന്റെത് 2.85 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
സുതാര്യവും ആരോഗ്യകരവുമായ മത്സരം പ്രോത്സാഹിപ്പിക്കുമെങ്കിലും ഇതിന് വിഘാതമാകുന്ന നീക്കങ്ങളെ ചെറുക്കുമെന്ന് സി ആര്‍ എ റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡിയോ സ്‌പെക്ട്രം, നമ്പര്‍, ഡൊമൈന്‍ പേരുകള്‍ തുടങ്ങിയവ അനുവദിക്കുന്നത് കാര്യക്ഷമമായും സുതാര്യവുമായാണ്.