Connect with us

Gulf

വധശിക്ഷയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് തമിഴ് കുടുംബം കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു

Published

|

Last Updated

ദോഹ: സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ ഖത്വറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന് ശിക്ഷയിളവു കിട്ടാന്‍ ദയാഹരജിയുമായി ബന്ധുക്കള്‍. കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിയായ തമിഴ്‌നാട് സ്വദേശിയുടെ ബന്ധിക്കള്‍ രംഗത്തു വന്നിരിക്കുന്നത്.
നാലുവര്‍ഷം മുമ്പാണ് 81 വയസുള്ള ഖത്വരി വയോധികയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ 2014 ഡിസംബറിലാണ് ഖത്വര്‍ പരമോന്നത കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. നിരവധി വാദങ്ങള്‍ക്കുശേഷമാണ് ഇന്ത്യക്കാരായ സുബ്രഹ്മണ്യന്‍, അളഗപ്പന്‍, ചില്ല ദുരൈ പെരുമാള്‍ എന്നിവര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിയായ ശിവകുമാര്‍ അച്യുനന്‍ എന്നയാളുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. പ്രതികളില്‍ ചില്ല ദുരൈ പെരുമാള്‍ നിരപരാധിയാണെന്നും ഇദ്ദേഹത്തെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പെരുമാളിന്റെ കുടുംബം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ മാധ്യമങ്ങളാണ് കുടുംബത്തിന്റെ ശ്രമം വാര്‍ത്തയായി പുറത്തുവിട്ടത്. ദോഹ ന്യൂസും ഈ വാര്‍ത്ത ഇന്നലെ പ്രസിദ്ധീകരിച്ചു. സാമ്പത്തികമായി വളരെയേറെ പ്രയാസപ്പെടുകയാണെന്നും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പെരുമാളിന്റെ ഭാര്യ എന്‍ ഡി ടി വിയോട് പ്രതികരിച്ചിരുന്നു. ഖത്വറിലെ പരമോന്നത കോടതിയുടെ അവസാന അപ്പീലിന്റെ സമയം ഈ മാസം അവസാനിക്കേയാണ് കുടുംബത്തിന്റെ ശ്രമം. ഖത്വറിലെ നിയമസസഹായ രംഗത്തു പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ നിസാര്‍ കോച്ചേരി ഇവര്‍ക്കായി ഹരജി സമര്‍പ്പിക്കുമെന്ന് ദോഹന്യൂസ് പറയുന്നു. കൂടാതെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പും പരമോന്നത കോടതി മുമ്പാകെ ദയാ ഹരജി സമര്‍പ്പിക്കും. മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകളത്തെുടര്‍ന്ന് പത്തു വര്‍ഷമായി ഖത്വറില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നതും പെരുമാളിന്റെ ശിക്ഷയിളവിനു സാധ്യതയായി പറയുന്നു. ദിയാധനം നല്‍കാമെന്നും ശിക്ഷയിളവു നല്‍കണമെന്നുമുള്ള പ്രതികളുടെ അഭ്യര്‍ഥന കൊല്ലപ്പെട്ട ഖത്വരി വൃദ്ധയുടെ കുടുംബം നേരത്തേ തള്ളിയിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് അവരുടെ ആവശ്യം. ശിക്ഷാ നടപടികള്‍ നീണ്ടു പോകുന്നതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്.

---- facebook comment plugin here -----

Latest