കണ്ണൂരിലേക്ക് പറക്കാന്‍ തയാറായി ഏഴു ഗള്‍ഫ് വിമാന കമ്പനികള്‍

Posted on: July 28, 2016 7:32 pm | Last updated: July 29, 2016 at 8:42 pm
SHARE

ദോഹ : നിര്‍മാണം പൂര്‍ത്തായാകുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് നടത്താന്‍ അവസരം തേടുന്നത് ഖത്വര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെ ഏഴു ഗള്‍ഫ് വിമാന കമ്പനികള്‍. മലബാറിലെ പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള സര്‍വീസിന് മാത്സര്യപൂര്‍വം ശ്രമിക്കുന്നതില്‍ യു എ ഇയിലെ നാലു വിമാന കമ്പനികളും രംഗത്തുണ്ട്. ഖത്വറിനു പുറമേ ബഹ്‌റൈന്‍, ഒമാന്‍ ദേശീയ വിമാന കമ്പനികളും രംഗത്തുണ്ട്. എന്നാല്‍ സഊദി, കുവൈത്ത് വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം.
കണ്ണൂര്‍ ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ഉന്നതതല സംഘവുമായി വിമാന കമ്പനികള്‍ ഇതിനകം പ്രഥമ വട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഗള്‍ഫ് വിമാനങ്ങള്‍ക്കു പുറമേ ഇന്ത്യന്‍ വിമാനങ്ങളും ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് അവസരത്തിനു വേണ്ടി കിയാലിനെ സമീപിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും ഖത്വര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍ എന്നീ വിമാനങ്ങളാണ് ഇതിനകം കിയാലിനെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സപ്രസ്, ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍, എയര്‍ ഏഷ്യ ഇന്ത്യ, സില്‍ക്ക് എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങളും സര്‍വീസ് തേടുന്നു. ഇന്ത്യന്‍ വിമാനങ്ങളില്‍ ജെറ്റ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവക്കു മാത്രമാണ് നിലവില്‍ ഗള്‍ഫ് സര്‍വീസുകളുള്ളത്.
കിയാല്‍ തന്നെ താത്പര്യമെടുത്താണ് സര്‍വീസ് താത്പര്യം പ്രകടിപ്പിച്ച വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിയതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിമാന കമ്പനികള്‍ അടുത്ത വേനല്‍ ഷെഡ്യൂളുകള്‍ നിശ്ചയിക്കുന്നതിനു മുമ്പ് കണ്ണൂര്‍ സര്‍വീസ് സംബന്ധിച്ച് ധാരണയാക്കുന്നതിനു വേണ്ടിയായായിരുന്നു ചര്‍ച്ചകള്‍. കണ്ണൂരിലേക്ക് വിമാന കമ്പനികളെ ആകര്‍ഷിക്കുക എന്ന ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായിട്ടുണ്ടെന്ന് കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ് പറഞ്ഞു. വിമാന കമ്പനികളുമായി കൂട്ടായും പ്രത്യേകം പ്രത്യേകവുമുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ എയര്‍പോര്‍ട്ട് തുറക്കുകയാണെങ്കില്‍ സര്‍വീസ് നടത്താന്‍ തങ്ങള്‍ തയാറാണെന്ന് വിമാന കമ്പനികള്‍ കിയാലിനെ അറിയിച്ചു. ഇരു ഭാഗത്തെയും ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനാല്‍ ഇനി കണ്ണൂരില്‍ നിന്നു പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ഇന്റര്‍നാഷനല്‍, ഡൊമസ്റ്റിക് വിമാനങ്ങളുടെ ഷെഡ്യൂള്‍ ചര്‍ച്ചകളിലേക്ക് കടക്കും. വിമാനത്താവളത്തില്‍ രാത്രി പാര്‍ക്കിംഗ് സൗകര്യത്തെക്കുറിച്ച് വിമാന കമ്പനികള്‍ ആരാഞ്ഞുവെന്ന് കിയാല്‍ അധികൃതര്‍ വ്യക്തമാക്കി. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ 20 വിമാനങ്ങള്‍ക്കും രണ്ടാംഘട്ടത്തില്‍ 40 വിമാനങ്ങള്‍ക്കുള്ള സൗകര്യവുമാണുണ്ടാകുക. ലോഞ്ചുകള്‍, ടെര്‍മിനലുകള്‍, കാര്‍ഗോ സൗകര്യങ്ങളെക്കുറിച്ചെല്ലാം കിയാല്‍ വിമാനക്കമ്പനികള്‍ക്കു വിശദീകരിച്ചു.
യു എ ഇയുടെ എമിറേറ്റ് വിമാനം നേരത്തേ തന്നെ കിയാല്‍ അധികൃതര്‍ക്ക് രേഖാമൂലം സര്‍വീസ് താത്പര്യം അറിയിച്ച് കത്ത് നല്‍കിയിരുന്നു. മറ്റു എയര്‍ലൈനുകളുമായും സംസാരിച്ചു വരികയാണെന്ന് കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം സെപ്തംബറോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷമേ സര്‍വീസ് തുടങ്ങാന്‍ സാധ്യതയുള്ളു. വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പിന്റെകൂടി അനുമതി വേണ്ടതിനാല്‍ ഈ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാകും വിമാനങ്ങള്‍ക്ക് അവസരം നല്‍കുക. ഗള്‍ഫ് വിമാനങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റുമായി മാസങ്ങളായി ബന്ധപ്പെട്ടു വരുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേന്ദ്രം ഇതിനു സമ്മതിച്ചിട്ടില്ല. പുതിയ സീറ്റുകള്‍ അനുവദിച്ചില്ലെങ്കിലും നിലവിലുള്ളവ ഉപയോഗപ്പെടുത്തി കണ്ണൂര്‍ സര്‍വീസ് ആരംഭിക്കാനാണ് ഗള്‍ഫ് വിമാനങ്ങളുടെ പ്ലാന്‍. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് നിലവില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ല.