ദുബൈ- കോഴിക്കോട് വിമാനത്തില്‍ ബഹളം: രണ്ടു പേര്‍ കസ്റ്റഡിയില്‍

Posted on: July 28, 2016 12:15 pm | Last updated: July 28, 2016 at 1:49 pm
SHARE

indigoമുംബൈ:ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ യാത്രക്കാരന്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി മുബൈയില്‍ ഇറക്കി. സിഐഎസ്എഫ് ഇയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളെയും ബന്ധുവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ 4.30ന് ദുബായില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ 89ആം നമ്പര്‍ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരെ മുംബൈയില്‍ ഇറക്കിയ ശേഷം വിമാനം കോഴിക്കോട്ടേക്ക് പോയി.

അതേസമയം, യാത്രക്കാര്‍, ഭീകര സംഘടനയായ ഐസിസിനെ അനുകൂലിച്ച് പ്രസംഗിച്ചെന്ന്‌നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നതായി റിപ്പോര്‍ട്ടില്ലെന്ന് ഇന്‍ഡിഗോ വിമാന അധികൃതര്‍ വ്യക്തമാക്കി. വിമാനാധികൃതരുടെ പരാതിയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്ന് മുംബൈ പൊലീസ് ഡിസിപിയും പറഞ്ഞു. അതേസമയം, ഇവരെ ഉടന്‍ മോചിപ്പിക്കുമെന്നും അടുത്ത വിമാനത്തില്‍തന്നെ കോഴിക്കോട്ടേയ്ക്ക് അയയ്ക്കുമെന്നും സിഐഎസ്എഫ് അറിയിച്ചു. ബഹളം വച്ചയാള്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും ആഹാര സാധനങ്ങളടക്കമുള്ളവ സൂക്ഷിക്കുന്ന കാര്‍ട്ടില്‍ ചാടികയറുകയും അതില്‍ ഇരിക്കുകയും ചെയ്തുവെന്നും ഇന്‍ഡിഗോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കി.

വിമാനത്തിലെ 5 ഡി സീറ്റിലിരുന്ന യാത്രക്കാരന്‍ വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് ബഹളം വയ്ക്കാനും പ്രസംഗിക്കാനും തുടങ്ങി്. ആദ്യമൊന്നും യാത്രക്കാര്‍ പ്രതികരിച്ചില്ലെങ്കിലും പ്രസംഗവുമായി മുന്നോട്ടു പോയതോടെ ഇതു നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വിമാനം 9.15 ഓടെ അടിയന്തരമായി മുംബൈയില്‍ ഇറക്കുകയായിരുന്നു. 9.50 ന് കോഴിക്കോട് എത്തേണ്ട വിമാനമായിരുന്നു ഇത്.