നര്‍സിംഗ് യാദവിന്റെ ഭാവി ഇന്നറിയാം; കേസ് നാഡ ഇന്ന് പരിഗണിക്കും

Posted on: July 28, 2016 11:21 am | Last updated: July 28, 2016 at 11:21 am
SHARE

narsing yadavന്യൂഡല്‍ഹി: നര്‍സിംഗ് യാദവിന്റെ ഒളിമ്പിക് വിധി ഇന്ന്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നര്‍സിംഗിന്റെ വാദം മുഴുവന്‍ കേട്ടതിന് ശേഷം ഇന്ന് അന്തിമ വിധി പ്രഖ്യാപിക്കും. ഇന്നലെ നാഡ ആസ്ഥാനത്ത് വാദം കേള്‍ക്കല്‍ ആരംഭിച്ചു. ഇതിനിടെ, ബി സാംപിള്‍ പരിശോധന ഫലവും നര്‍സിംഗിന് എതിരായി. ജൂലൈ അഞ്ചിന് ശേഖരിച്ച എ സാംപിളില്‍ കഴിഞ്ഞദിവസം ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.

തന്റെ ഒളിമ്പിക് പ്രതീക്ഷകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് നര്‍സിംഗ് ആരോപിച്ചു. സി ബി ഐ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു.

ഇന്നലെ മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ഹിയറിംഗില്‍ ഗുസ്തിതാരം വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് സൂചന.
ക്യാമ്പില്‍ തനിക്ക് ലഭിച്ച ആഹാരത്തില്‍ മറിമായം സംഭവിച്ചിട്ടുണ്ടാകാം എന്നാണ് നര്‍സിംഗ് തുടക്കം തൊട്ട് ആരോപിക്കുന്നത്.
എന്നാല്‍, രണ്ട് സാംപിള്‍ പരിശോധനയിലും പരാജയപ്പെട്ടത് നര്‍സിംഗിന്റെ റിയോ സാധ്യതകള്‍ക്ക് വ്യക്തമായ മങ്ങലേല്‍പ്പിക്കുന്നുണ്ട്. കേന്ദ്ര കായിക മന്ത്രാലയം ആദ്യ സാംപിള്‍ പരിശോധനഫലം വന്നപ്പോള്‍ തന്നെ നര്‍സിംഗിനെ റിയോയിലേക്ക് അയക്കേണ്ടെന്ന നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന. ഔദ്യോഗിക അറിയിപ്പ് നാഡയുടെ തീരുമാനം വന്നതിന് ശേഷമാകുമെന്ന് മാത്രം.
റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നര്‍സിംഗ് യാദവിന്റെ പകരക്കാരനായിട്ട് പ്രവീണ്‍ റാണയെ പരിഗണിക്കുന്നു. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരും. വ്യക്തമായ സംശയം ചിലരെ ലക്ഷ്യമിട്ട് നര്‍സിംഗ് വിശ്വസ്തകേന്ദ്രങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്. സുശീല്‍കുമാറിന്റെ പരിശീലകന്‍ സത്പാല്‍ സിംഗിലേക്കാണ് സംശയമുന നീളുന്നത്. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സത്പാല്‍ തുറന്നടിച്ചിരുന്നു.
അതേ സമയം ഡോപ് ടെസ്റ്റില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച നര്‍സിംഗ് ക്യാമ്പിലെ പതിനേഴുകാരനായ ഗുസ്തിതാരത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. ജൂനിയര്‍ തലത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന താരമാണിത്.
ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന യുവതാരം തന്റെ ഭക്ഷണത്തില്‍ നിരോധിത അനബോളിക് സ്റ്റിറോയിഡ് ചേര്‍ത്തുവെന്നാണ് നര്‍സിംഗിന്റെ പരാതി. ഈ കണ്ടെത്തല്‍ തള്ളിക്കളയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാരണം, ഛത്രസാല്‍ ക്യാമ്പ് നടത്തുന്നത് സുശീല്‍ കുമാറിന്റെ കോച്ച് സത്പാല്‍ സിംഗാണ്.