ട്രംപ് അമേരിക്കന്‍ ദേശീയ സുരക്ഷക്ക് കോട്ടം വരുത്തിയതായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി

Posted on: July 28, 2016 9:41 am | Last updated: July 28, 2016 at 9:41 am
SHARE

ഫിലഡാല്‍ഫിയ: റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്ത ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ദേശീയ സുരക്ഷക്ക് കോട്ടംവരുത്തിയതായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി മദേലിനെ ആല്‍ബ്‌റൈറ്റ്. ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ നിന്ന് മുസ്‌ലിംകളെ അകറ്റിനിര്‍ത്തിയതിലൂടെ ഇസിലിനെതിരെയുള്ള പോരാട്ടത്തെ വില കുറച്ചുകാണുകയായിരുന്നു അദ്ദേഹമെന്നും ഇത് ലോക തലത്തില്‍ അമേരിക്കയുടെ നിലപാടുകളെ അശക്തമാക്കിയെന്നും അവര്‍ പറഞ്ഞു.

ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുകയെന്നത് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് പോലെയല്ല. മറിച്ച് അത് സങ്കീര്‍ണ്ണവും 24 മണിക്കൂറും ഉണര്‍ന്നിരുന്ന് ജാഗ്രത പുലര്‍ത്തേണ്ടതുമായ കാര്യമാണ്. നല്ലൊരു ഹൃദയവും ഇതിന് അനിവാര്യമാണ്. നിങ്ങള്‍ നിങ്ങളെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്, മറിച്ച് ഞങ്ങളെല്ലാവരെയുമാണ്. ഹിലാരി ക്ലിന്റന്‍ മുന്‍കാലങ്ങളില്‍ ചെയ്ത പ്രവര്‍ത്തികളിലെല്ലാം ഈ ഗുണം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത പ്രസിഡന്റായി ഹിലാരി ക്ലിന്റന്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് അനിവാര്യമായതെല്ലാം അമേരിക്കന്‍ ജനത നിര്‍വഹിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തെ സുരക്ഷിതവും ശക്തവുമാക്കുന്നതിന് പര്യാപ്തനായ നേതാവിനെയാണ് ആവശ്യം. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് അപകടം വരുത്തുമെന്ന് ചിലര്‍ വാദിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ നിലപാടുകള്‍ മൂലം ഇപ്പോള്‍ തന്നെ രാജ്യ സുരക്ഷ അപകടത്തിലായിരിക്കുകയാണ്. അമേരിക്കയുടെ സഖ്യകക്ഷികളായ മുസ്‌ലിം രാജ്യങ്ങളെ അകറ്റിനിര്‍ത്തി ഇസിലിനെതിരെയുള്ള യുദ്ധത്തെ അദ്ദേഹം വിലകുറച്ചുകണ്ടു. സുഹൃദ്‌രാജ്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് മൂലം അമേരിക്കയെ ലോകതലത്തില്‍ തന്നെ അശക്തമാക്കി. അതുപോലെ നിരവധി രാജ്യങ്ങള്‍ക്ക് ആണവായുധം സംഭരിക്കാന്‍ അദ്ദേഹം പ്രോത്സാഹനവും നല്‍കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു