നേപ്പാളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 54 മരണം

Posted on: July 28, 2016 9:37 am | Last updated: July 28, 2016 at 9:37 am
SHARE

NEPAL FLOODകാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 54 പേര്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 20 പേരെ കാണാതായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് യാദവ് പ്രസാദ് കൊയ്‌രാള ഇന്നലെ പറഞ്ഞു.

നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നൂറ്കണക്കിന് പേര്‍ വീടുപേക്ഷിച്ചുപോകേണ്ടി വന്നിട്ടുണ്ട്. റബ്ബര്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് സൈനികരും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് ഹെലികോപ്ടര്‍മാര്‍ഗം ഭക്ഷണമെത്തിക്കുന്നുണ്ട്.

എട്ട് ജില്ലകളില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് കൊയ്‌രാള പറഞ്ഞു. ചില പ്രദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതം വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കനത്ത നാശം വിതച്ച ഭൂകമ്പത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ട പതിനായിരക്കണക്കിന് പേര്‍ ഇപ്പോഴും താത്കാലിക ടെന്റുകളിലാണ് കഴിയുന്നത്.