Connect with us

National

ചൈനയെ നിരീക്ഷിക്കാന്‍ ഇന്ത്യ പുത്തന്‍ വിമാനങ്ങള്‍ വാങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം പരിശോധിക്കുന്നതിന് വേണ്ടി പുത്തന്‍ സമുദ്ര നിരീക്ഷണ വിമാനങ്ങള്‍ വാങ്ങുന്നതിന് ബോയിംഗ് കമ്പനിയുമായി ഇന്ത്യ കരാറിലെത്തി. നിലിവില്‍ പി-81 വിഭാഗത്തില്‍പ്പെട്ട എട്ട് എയര്‍ക്രാഫ്റ്റുകള്‍ സമുദ്രാന്തര നിരീക്ഷണത്തിനായി ഇന്ത്യ നിയോഗിച്ചിട്ടുണ്ട്.

ഇതിന് പുറമേയാണ് ഏകദേശം 6,700 കോടി ചെലവ് പ്രതീക്ഷിക്കുന്ന നാല് ചാര വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നതിന് ഇന്ത്യ കരാറിലെത്തിയിട്ടുള്ളതെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നിരീക്ഷണ ദൗത്യത്തിന് സജ്ജമാകുമെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, കരാറിനെ കുറിച്ച് തനിക്കൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതേക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തോട് ചോദിക്കണമെന്നും ബോയിംഗ് കമ്പനിയുടെ ഇന്ത്യന്‍ വക്താവ് അമൃത ധിന്‍ദ്‌സ പറഞ്ഞു.

യു എസ് പ്രതിരോധ അണ്ടര്‍ സെക്രട്ടറി ഫ്രാങ്ക് കെന്റാലിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് നിര്‍ണായകമായ കരാറിലെത്തിയതെന്നാണ് വിവരം. മുന്‍ കരാര്‍ പ്രകാരമുള്ള അവസാന നിരീക്ഷണ വിമാനം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്ക് ബോയിംഗ് കൈമാറിയത്. ഇന്ത്യന്‍ സമുദ്രത്തില്‍ ചൈന സാന്നിധ്യമറിയച്ചത് മുതല്‍ ഇന്ത്യ കനത്ത നിരീക്ഷണമാണ് നടത്തിവരുന്നത്.