നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി; ഭൂമി ഏറ്റെടുക്കലിന് ലാന്‍ഡ് ബോണ്ട്

Posted on: July 28, 2016 2:45 am | Last updated: July 27, 2016 at 11:46 pm
SHARE

തിരുവനന്തപുരം: നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതിലൂടെ നിക്ഷേപക വിശ്വാസം ഉറപ്പാക്കുമെന്നതാണ് കിഫ്ബിയുടെ പ്രത്യേകത. അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഭൗതിക മേഖലയോടൊപ്പം സാമൂഹിക മേഖലയും ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്. കിഫ്ബി ഓര്‍ഡിനന്‍സ് അംഗീകരിച്ച മന്ത്രിസഭായോഗത്തില്‍ തന്നെ ഇത് വഴിയുള്ള ആദ്യപദ്ധതിക്കും അംഗീകാരം നല്‍കി. ശബരിമല റോഡുപദ്ധതിയുടെ ഭാഗമായ അമ്പലപ്പുഴ- തിരുവല്ല റോഡിന് 56 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചത്. വിവിധ വകുപ്പുകള്‍ തങ്ങളുടെ വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന മുറക്ക് അതിനായി പണം അനുവദിക്കും.

മുന്‍ ആക്റ്റ് പ്രകാരം പരിഗണനയില്‍ ഇല്ലാതിരുന്ന പാലങ്ങള്‍, വന്‍കിട കെട്ടിട സമുച്ചയങ്ങള്‍, റെയില്‍വേ, വിവര സാങ്കേതിക വിദ്യ, കൃഷി, വ്യവസായം, നഗര- ഗ്രാമ വികസനം മുതലായ മേഖലകള്‍ പുതുതായി ഓര്‍ഡിനന്‍സിലൂടെ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം പി പി പി മാതൃകയിലുള്ള പദ്ധതിയും ഇതു വ്യവസ്ഥ ചെയ്യുന്നു.
മോട്ടോര്‍ വാഹന നികുതി വിഹിതം, ഇന്ധന സെസ്സ് വിഹിതം എന്നിവ നിയമപരമായി മൂലധന നിധിയിലേക്ക് ഉറപ്പാക്കുന്നുവെന്നതിനാല്‍ തുടക്കത്തിലെ മൂലധനമുണ്ടാകും. ലാന്‍ഡ് ബോണ്ട് പുറപ്പെടുവിക്കുന്നതുവഴി പദ്ധതികള്‍ക്കാവശ്യമായ സ്ഥലമെടുപ്പ് പ്രക്രിയ ത്വരിതവത്കരി ക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ കാലതാമസമുണ്ടാവരുതെന്നതിനാലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഭൗതികവും സാമൂഹികവുമായ വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിന് ധനസമാഹരണവും സാമ്പത്തിക വളര്‍ച്ച ത്വരിത പ്പെടുത്തുന്നതിനുള്ള ഭീമമായ വിഭവ സമാഹരണം എല്ലാകാലത്തും സര്‍ക്കാറിന് വെല്ലുവിളിയാകാറുണ്ട്.
ഈ സാഹചര്യത്തിലാണ് വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഇടക്കാല-ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫണ്ട് സമാഹരിക്കേണ്ടിവരുന്നത്. റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, വിമാന ത്താവളങ്ങള്‍, വിവര സാങ്കേതികവിദ്യ, ഊര്‍ജ്ജം, വ്യവസായം മുതലായ മേഖലകളില്‍ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വന്‍തോതില്‍ നടപ്പിലാക്കുന്നതിനും അതിനുള്ള വിഭവ സമാഹരണം കണ്ടെത്തുന്നതിനുമുള്ള ദൗത്യം ബജറ്റിലൂടെയാണ് പ്രഖ്യാപിച്ചത്.
പി പി പി പദ്ധതികളുള്‍പ്പെടെ സംസ്ഥാനത്തിന്റെ മുഖ്യ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സൂക്ഷ്മ പരിശോധനക്കും അംഗീകാരത്തിനും ധനസഹായത്തിനുമായി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് നെ കേന്ദ്രീകൃത ഏജന്‍സിയാക്കുവാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇതുവഴി, വന്‍കിട പദ്ധതികള്‍ക്ക് ആവശ്യമായ ധനസമാഹരണം നടത്തുന്നതും സ്ഥലമേറ്റെടുക്കല്‍ ബാധ്യതകള്‍ക്ക് ലാന്റ് ബോണ്ട് പുറപ്പെടുവിക്കുന്നതും ‘കിഫ്ബിയുടെ ചുമതലകളായിരിക്കും.
എല്ലാവിധ വാര്‍ഷിക തിരിച്ചടവുകള്‍ക്കും തുക ഉറപ്പാക്കുന്നുമുണ്ട്. ധനസഹായങ്ങള്‍, വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, വാര്‍ഷിക തിരിച്ചടവുകള്‍ മുതലായവക്ക് ആവശ്യമായ തുക സര്‍ക്കാര്‍ ‘കിഫ്ബിയ്ക്ക് ലഭ്യമാക്കുന്നത് വഴി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സാധിക്കും. അനായാസമായ പദ്ധതി നടത്തിപ്പിന് കൃത്യവും യുക്തവും ക്രമീകൃതവും സമയബന്ധിതവുമായ ധനസമാഹരണം ഉറപ്പാക്കുന്നതിന് വിവിധ തലത്തിലുള്ള നയ, ഭരണ, നിയന്ത്രണ സംവിധാനം ആവശ്യമാണ്. ഇതിനായാണ് ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷനെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇടക്കാലാവശ്യങ്ങള്‍ക്കായി ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ടുകളും റവന്യു ബോണ്ടുകളും പുറപ്പെടുവിക്കുന്നതിനും, ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട് മുതലായവയിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് സമാഹരിക്കുന്നതിനും ഉള്ള പദ്ധതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
സെബി, ആര്‍ ബി ഐ തുടങ്ങിയ ധനകാര്യ നിയന്ത്രണ സംവിധാനങ്ങള്‍ വിഭവ സമാഹരണത്തിനും കടമെടുക്കലിനുമുള്ള നിയമ വ്യവസ്ഥകള്‍ വളരെയധികം മാറ്റിയിട്ടുണ്ട്. 1999ല്‍ നിലവില്‍ വന്ന കെ ഐ ഐ എഫ് ആക്റ്റ് ഈ മാറ്റങ്ങളും സര്‍ക്കാരിന്റെ ഈ മേഖലയിലെ പുതിയ നയ സമീപനങ്ങളും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. അതുകൊണ്ടുകൂടിയാണ് നിയമഭേദഗതി.