Connect with us

Kerala

ആട് ആന്റണിയെ കുടുക്കിയത് വാഹനത്തിലെ വിരലടയാളവും രക്തക്കറയും

Published

|

Last Updated

കൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണിയെ കുടുക്കിയത് ഇയാള്‍ സഞ്ചരിച്ച വാനിലെ വിരലടയാളവും രക്തക്കറയും. സംഭവ ദിവസം താന്‍ കേരളത്തിലില്ലെന്ന ആട് ആന്റണിയുടെ വാദം ഈ ദിവസം ഗ്യാസ് കണക്ഷന് വേണ്ടി അപേക്ഷ നല്‍കിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ പൊളിക്കുകയും ചെയ്തു.

പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച 201ാം വകുപ്പ് (തെളിവ് നശിപ്പിക്കല്‍) കോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല. കൊലക്ക് ഉപയോഗിച്ച കത്തി ആന്റണി രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തെളിവ് നശിപ്പിച്ചത് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വകുപ്പ് പ്രകാരമുള്ള ശിക്ഷയില്‍ നിന്ന് ആന്റണിയെ ഒഴിവാക്കിയിരുന്നു. 78 രേഖകളും 30 സാക്ഷികളെയും പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ഹാജരാക്കി.

രക്ഷപ്പെട്ട എ എസ് ഐ ജോയി കേസില്‍ നിര്‍ണായക സാക്ഷിയായിരുന്നു. ഒട്ടനവധി മോഷണക്കേസുകളില്‍ പ്രതിയായ ആട് ആന്റണി മൂന്നു വര്‍ഷക്കാലത്തെ അന്വേഷണത്തിനിടെ 2015 ഒകേ്ടാബര്‍ 13ന് പാലക്കാട് ഗോപാലപുരത്തു വെച്ചാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലാകുന്നത്. അതിവേഗമാണ് കേസിന്റെ വിചാരണ നടന്നിരുന്നത്.

കഴിഞ്ഞ ദിവസം വിധിപറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കൊച്ചിയില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് വിധി പ്രസ്താവം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ആട് ആന്റണിക്ക് വധ ശിക്ഷ നല്‍കണമായിരുന്നുവെന്ന് കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ ഭാര്യ സംഗീത പറഞ്ഞു. ഇനി ഒരിക്കലും ആന്റണി പുറത്തിങ്ങാന്‍ ഇടവരരുത്. പ്രതിയുടെ കൈയിലുള്ളത് കളവുമുതലാണെന്നതിനാല്‍ ധനസഹായം വേണ്ടെന്നും സംഗീത വ്യക്തമാക്കി.
ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്ന് അഭിഭാഷകരാണ് ജഡ്ജിയെ അറിയിച്ചത്.

കോടതിയില്‍ പ്രവേശിച്ചാല്‍ മാധ്യമ പ്രവര്‍ത്തകരെ തടയുമെന്നും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഭിഭാഷകര്‍ പോലീസിനെയും അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി പരിസരത്ത് വന്‍ പോലീസ് വ്യൂഹത്തെ വിന്യസിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest